chinju

ചിതറ: സർക്കാരിന്റെ അഞ്ചുവർഷത്തെ വികസനങ്ങൾ എടുത്തുപറഞ്ഞാണ് ചടയമംഗലത്തെ ഇടതുമുന്നണി സ്ഥാനാർത്ഥി ജെ. ചിഞ്ചുറാണി വോട്ട് ചോദിക്കുന്നത്. ആറ് ദിവസമായി മണ്ഡലത്തിലെ ജനങ്ങൾ നൽകുന്ന സ്വീകരണം ആവേശം നിറഞ്ഞതാണ്.

ഇന്നലെ ഉച്ചയ്ക്ക് 12ഓടെ തുറന്ന വാഹനത്തിൽ ചിഞ്ചുറാണി ചിതറയിലെ ജോയി മുക്കിലെത്തി. ചെറിയ ആൾക്കൂട്ടമെങ്കിലും ഏറെ നേരമായി അവർ കാത്തു നിൽക്കുകയായിരുന്നു. പ്രായമേറിയവരായിരുന്നു ഏറെയും. വണ്ടിയിൽ നിന്നിറങ്ങിയ സ്ഥാനാർത്ഥിയെ പാർട്ടി പ്രവർത്തകർ സ്വീകരിച്ചു. സ്വീകരണ ശേഷം ആളുകളുടെ അടുത്തേയ്ക്ക് സ്ഥാനാർത്ഥിയെത്തി. തൊഴുകൈകളോടെ ഏറെ സൗമ്യമായി വോട്ട് ചോദിച്ചു. ഞാൻ നിങ്ങളിൽ ഒരാളാണ്. എനിക്ക് വോട്ട് തന്ന് വിജയിപ്പിക്കണം.

ചെറിയ പ്രസംഗം കഴിഞ്ഞ് വീണ്ടും കൂടി നിന്നവരുടെ അടുത്തേയ്ക്ക് എത്തി. കുശലാന്വേഷണം നടത്തി. വീണ്ടും അടുത്ത സ്വീകരണ സ്ഥലത്തേയ്ക്ക്. വണ്ടി നീങ്ങവെ നാട്ടുകാർ റോഡിന്റെ വശങ്ങളിൽ നിന്ന് കൈ വീശുന്നു. എളിമയോടെ നിറചിരിയോടെ ജനത്തിനിടയിലേയ്ക്ക് സാധാരണക്കാരിയായി പടരുകയാണ് ചിഞ്ചുറാണി.

 വിജയം ഉറപ്പ്

വിജയപ്രതീക്ഷയെ പറ്റി ചോദിച്ചപ്പോൾ, ചടയമംഗലം ഇടതുകോട്ടയല്ലേയെന്ന മറുപടിയാണ് ലഭിച്ചത്. ഇടതിന് വിജയം സുനിശ്ചിതം. അതിലുപരി ഇടത് സർക്കാർ ചെയ്ത നല്ല കാര്യങ്ങൾക്ക് തുടർച്ച വേണം. അത് വോട്ടിലൂടെ ജനം ഉറപ്പാക്കും.