കൊല്ലം: അനുഭവിച്ചറിഞ്ഞ നേട്ടങ്ങൾക്കൊപ്പമാണ് കേരളത്തിന്റെ ജനമനസെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. അസത്യങ്ങൾക്ക് ചുറ്റും ആളെക്കൂട്ടാമെന്ന യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും ലക്ഷ്യം നടക്കില്ല. എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിന്റെ ജനക്ഷേമ പദ്ധതികളെ വിമർശിക്കാൻ കഴിയാത്തതിനാലാണ് പ്രതിപക്ഷം അപവാദം പ്രചരിപ്പിക്കുന്നത്. വർഗീയ ശക്തികളുമായുള്ള കൂട്ടുകെട്ടിലൂടെയും യു.ഡി.എഫിന് കരകയറാനാവില്ല. ജയിക്കാൻ അവസരവാദ നിലപാട് സ്വീകരിക്കാൻ മടിയില്ലെന്ന് കോൺഗ്രസ് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. മൂന്നിടത്ത് ബി.ജെ.പിക്ക് സ്ഥാനാർത്ഥികളില്ലാത്തത് കൈയബദ്ധമല്ല. നേമം മാതൃകയിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണത്.
എ.കെ. ആന്റണി ഇപ്പോൾ വാ തുറന്നത് കേരളത്തിൽ തുടർഭരണമുണ്ടായാൽ സർവനാശമെന്ന് പറയാനാണ്. അതിവേഗം നശിക്കുന്ന കോൺഗ്രസിന്റെ നേതാവാണ് ആന്റണി. ബി.ജെ.പിയിലേക്ക് പോകാൻ ദേശീയനേതാക്കൾ അടക്കം തിരക്കുകൂട്ടുന്നു. എന്നാൽ മതനിരപേക്ഷവാദികളായ കോൺഗ്രസുകാർ ഇടതുപക്ഷത്തേക്ക് വരുന്നുണ്ടെന്നും വിജയരാഘവൻ പറഞ്ഞു.