photo
കെ.എൻ.ബാലഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ഇടത് മുന്നണി പുത്തൂരിൽ സംഘടിപ്പിച്ച പൊതുസമ്മേളനം മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരളത്തിന്റെ പ്രശ്നങ്ങൾ എന്തെന്ന് മനസിലാക്കി അത് പരിഹരിക്കാനുള്ള ബദൽ സംവിധാനമൊരുക്കാനായതാണ് ഇടത് സർക്കാരിന്റെ അഞ്ചുവർഷത്തെ നേട്ടമെന്ന് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പ്രസ്താവിച്ചു. ഇടത് മുന്നണി സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയുടെ ഭാഗമായി പുത്തൂരിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിഫ്ബിവഴി നാടിന്റെ വികസനത്തിനുള്ള ഫണ്ട് ലഭ്യമാക്കാൻ കഴിഞ്ഞത് പലർക്കും സഹിച്ചിരുന്നില്ല. എന്നാൽ ജനങ്ങളുടെ ക്ഷേമവും നാടിന്റെ വികസനവുമാണ് ലക്ഷ്യമെന്ന ഇടത് നിലപാട് ശരിയായിരുന്നുവെന്ന് പൊതുസമൂഹം ചിന്തിച്ചതിന്റെ ഫലമാണ് ഒരു തുടർ ഭരണത്തിന് സാദ്ധ്യത സൃഷ്ടിച്ചത്. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലടക്കം സമസ്തരംഗങ്ങളിലും നേട്ടങ്ങളുണ്ടാക്കിയ സർക്കാരിന് ജനങ്ങളോട് അഭിമാനത്തോടെ വോട്ടുചോദിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.സാബു അദ്ധ്യക്ഷത വഹിച്ചു. എ.മന്മദൻ നായർ, ജോർജ്ജ് മാത്യു, പി.ഐഷാപോറ്റി, പി.തങ്കപ്പൻ പിള്ള, ജെ.രാമാനുജൻ, സുമാലാൽ, ജി.മുരുകദാസൻ നായർ, എൽ.അമൽരാജ്, എസ്.ശശികുമാർ എന്നിവർ സംസാരിച്ചു. പുത്തൂർ ടൗണിൽ പ്രകടനവും ഉണ്ടായിരുന്നു.