കുണ്ടറ: കൊച്ചുകുട്ടികളും അമ്മമാരുമടക്കം വൻജനാവലിയും സ്നേഹവായ്പുകളോടെ കശുഅണ്ടി തൊഴിലാളികളും തൊടിയിലും പറമ്പിലുമൊക്കെയുള്ള നാട്ടുപൂക്കൾ കൊണ്ട് മാലകെട്ടി കാത്തിരുന്നാണ് കുണ്ടറയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ജെ. മേഴ്സിക്കുട്ടിഅമ്മയെ വരവേറ്റത്.
കുണ്ടറ മണ്ഡലത്തിലെ സ്വീകരണ പര്യടനം മൂന്നാംദിനം പിന്നിട്ടപ്പോൾ സ്ഥാനാർത്ഥിയും പ്രവർത്തകരും വലിയ ആവേശത്തിലാണ്. പ്രതീക്ഷിച്ചതിലും വലിയ സ്വീകരണമാണ് ഓരോ കേന്ദ്രങ്ങളിലും ലഭിക്കുന്നത്. മുളവന മാടൻകാവിലെത്തിയപ്പോൾ എൽ.ഡി.എഫിന്റെ മുൻകാല പ്രവർത്തകരായ അരുന്ധതി, ഓമന, തങ്കമ്മ എന്നിവർ കെട്ടിയ മാലകളുമായി മേഴ്സിക്കുട്ടിഅമ്മയെ സ്വീകരിക്കാൻ ഓടിയെത്തുകയായിരുന്നു. സ്വീകരണങ്ങൾക്ക് വെറുതെ നന്ദി പറഞ്ഞ് പോവുകയല്ല, നാട്ടിൻപുറത്തുകാരോട് വർത്തമാനം പറഞ്ഞും പരാതികളും വേദനകളും ചോദിച്ച് മനസിലാക്കിയുമൊക്കെയാണ് സ്ഥാനാർത്ഥി കടന്നുപോകുന്നത്.
ഇന്നലെ കുണ്ടറ, പേരയം പഞ്ചായത്തുകളിലായിരുന്നു സ്വീകരണം. രാവിലെ കുണ്ടറ കടമുക്കിൽ നിന്ന് തുടങ്ങി ഉച്ചവിശ്രമത്തിനായി മായംകോട്ട് സമാപിച്ചു. തുടർന്ന് പേരയം പഞ്ചായത്തിൽ ആരംഭിച്ച സ്വീകരണം രാത്രിയോടെ പടപ്പക്കരയിൽ സമാപിച്ചു. സ്വീകരണ
പരിപാടിക്കിടെ എം.എ മലയാളത്തിൽ ഒന്നാം റാങ്ക് നേടിയ പുലിപ്ര പ്രേമചന്ദ്രന്റെയും ഓമന അമ്മാളുടെയും മകൾ ആതിരയെ അനുമോദിക്കാനും സമയം കണ്ടെത്തി.