
കൊല്ലം: അഞ്ചുവർഷം നിരവധി വികസനങ്ങൾ നടത്താൻ കഴിഞ്ഞെങ്കിലും ശ്രീനാരായണ ഗുരുദേവന്റെ പേരിൽ സാംസ്കാരിക സമുച്ചയവും ബോട്ട് ജെട്ടിക്ക് സമീപം കുമാരനാശാന്റെ സ്മാരക നിർമ്മാണവും ചരിത്രനിയോഗമായാണ് കാണുന്നതെന്ന് എം. മുകേഷ്. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി കൊല്ലത്ത് സ്ഥാപിക്കാൻ കഴിഞ്ഞത് അഭിമാനമാണ്.
'വിദ്യകൊണ്ട് പ്രബുദ്ധരാകുക' എന്ന ഗുരുദേവന്റെ വാക്കിനോട് നീതിപുലർത്താൻ കഴിഞ്ഞതും കുമാരനാശാന്റെ അന്ത്യയാത്ര ആരംഭിച്ച കൊല്ലം ബോട്ട് ജെട്ടിക്ക് സമീപം കുമാരനാശാൻ സ്മാരകത്തിന്റെ പ്രവൃത്തികളും കലാകാരനായ തനിക്ക് കാലം കാത്തുവച്ച അംഗീകാരമാണെന്നും എം. മുകേഷ് പറഞ്ഞു.
ജില്ലാ ആശുപത്രിയെ ലോകോത്തര നിലവാരത്തിലേക്കെത്തിക്കാൻ കഴിഞ്ഞതും ക്യു.എസ്.എസ് കോളനിയിൽ ഫ്‌ളാറ്റുകൾ നിർമ്മിച്ചതും പെരുമൺ പാലം നിർമ്മാണവുമെല്ലാം ഉയർത്തിക്കാട്ടിയാണ് എം. മുകേഷ് വീണ്ടും നിയമസഭയിലേക്ക് മത്സരിക്കുന്നത്. പതിനാറ് വർഷം പഞ്ചായത്ത് പ്രസിഡന്റായിരുന്ന നാടകാചാര്യൻ ഒ. മാധവന്റെ മകനായ മുകേഷ് അച്ഛന്റെ പാതയിലൂടെയാണ് കലയിലേക്കും പൊതുരംഗത്തേക്കുമെത്തിയത്. പൊതുസമൂഹവുമായുള്ള ഇടപെടലുകളിൽ ന്യായവും നീതിയും നടപ്പിലാക്കാൻ കഴിഞ്ഞുവെന്ന ഉറച്ച വിശ്വാസമുണ്ടെന്നും മുകേഷ് പറഞ്ഞു.
സിനിമയും പൊതുപ്രവർത്തനവും ഒന്നിച്ചു കൊണ്ടുപോകുമ്പോൾ?
സിനിമയും പൊതുപ്രവർത്തനവും തുല്യപ്രാധാന്യത്തോടെയാണ് കാണുന്നത്. രണ്ടിലും ചെയ്യുന്ന പ്രവൃത്തികൾ ആത്മാർത്ഥതയോടെയാണ്. എം.എൽ.എയായതിന് ശേഷം വിദേശ പരിപാടികൾ ഉൾപ്പെടെയുള്ളവ ഒഴിവാക്കേണ്ടിവന്നു. ചില സിനിമകളും നഷ്ടമായി. എങ്കിലും കൊല്ലത്തെ ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിച്ചപ്പോഴുണ്ടായ ചാരിതാർത്ഥ്യത്തിനും തൃപ്തിക്കും മുന്നിൽ അവയൊന്നും ഒരു നഷ്ടമായി കണക്കാക്കാൻ കഴിയില്ല.
വികസന പ്രവർത്തനങ്ങൾ ?
മണ്ഡലത്തിലെ എല്ലാ റോഡുകളും ബി.എം.ബി.സി നിലവാരത്തിൽ നവീകരിച്ചു. സർക്കാർ സ്‌കൂളുകൾ ഹൈടെക്ക് നിലവാരത്തിലേക്കുയർത്തി. ജില്ലാ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ്, ആംബുലൻസ്, ലിഫ്ട് എന്നിവ സ്ഥാപിച്ചു, പെരുമൺ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചു. ആശ്രാമം അഷ്ടശിൽപ ഉദ്യാനം, നടപ്പാതകൾ, ഹൈമാസ്റ്റ് ലൈറ്റുകൾ, സാമ്പ്രാണിക്കോടി- കുരീപ്പുഴ പാലം, നിരവധി ബസ് സ്റ്റോപ്പുകൾ, കെട്ടിട നവീകരണങ്ങൾ തുടങ്ങി ഒട്ടനവധി വികസനപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. മണ്ഡലത്തിൽ ആകെ 1,330 കോടി രൂപ വികസനപ്രവർത്തങ്ങൾക്കായി ചെലവഴിച്ചു.
ആരോപണങ്ങളെപ്പറ്റി?
അഞ്ചുവർഷം മുമ്പ് മണ്ഡലത്തിൽ എം.എൽ.എയെ കാണുന്നില്ലെന്നൊരു ആരോപണം ഉയർന്നിരുന്നു. അന്ന് അതിന് ഉചിതമായ മറുപടിയും നൽകിയിരുന്നു. ഞാൻ ഇവിടുത്തെ ജനങ്ങൾക്കൊപ്പമുണ്ടായിരുന്നു. ഇപ്പോഴും അത്തരം ആരോപണങ്ങളാണ് ചിലർ ഉയർത്തുന്നത്. 'അതൊന്ന് മാറ്റിപ്പിടി' എന്ന് മാത്രമാണ് പറയാനുള്ളത്. ജനം അവർക്കെതിരാകുമെന്ന് അറിയാവുന്നതുകൊണ്ടാണ് വികസനത്തെ പറ്റി അവരൊന്നും മിണ്ടാത്തത്.
വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ?
അവിടെ അത് ചെയ്തു, ഇത് ചെയ്തു എന്നുപറഞ്ഞ് ജനങ്ങളെ പറ്റിച്ചിരുന്ന കാലത്ത് നിന്ന് എവിടെ എന്ത് ചെയ്തുവെന്ന് ചോദിക്കുന്ന കാലത്താണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ്. വികസനം നടത്തിയത് പ്രത്യക്ഷത്തിൽ കാണാൻ ജനങ്ങൾക്ക് കഴിയുന്നുണ്ട്. മണ്ഡലത്തിൽ ഇപ്പോൾ നടത്തിയതിനേക്കാൾ ഇരട്ടി വികസനം കൊണ്ടുവരികയാണ് ലക്ഷ്യം. ജില്ലാ ആശുപത്രിയെ മൾട്ടി സ്പെഷ്യാലിറ്റിയാക്കി മാറ്റുകയെന്നതും അതിൽപ്പെടും. ഭരണത്തുടർച്ച ജനങ്ങൾ ആഗ്രഹിക്കുന്നു. ദുരിതകാലത്ത് ജനങ്ങൾക്ക് കൂട്ടായി നിന്നവരെ അവർക്കറിയാം. ജനങ്ങൾക്കിടയിൽ എപ്പോഴുമുണ്ടായിരുന്ന മുകേഷിനെയും അവർ വിജയിപ്പിക്കും.
കുടുംബം ?
നാടകാചാര്യൻ പരേതനായ ഒ. മാധവന്റെയും വിജയകുമാരിഅമ്മയുടെയും മകനാണ്. ഭാര്യ: മേതിൽ ദേവിക, മക്കൾ: ഡോ. ശ്രാവൺ, തേജസ്, ദേവാംഗ്. സഹോദരിമാർ: സന്ധ്യ രാജേന്ദ്രൻ, ജയശ്രീ. സഹോദരി ഭർത്താക്കന്മാർ: രാജേന്ദ്രൻ, ശ്യാംലാൽ. സഹോദരിമാരുടെ മക്കൾ: ദിവ്യദർശൻ, നീതു, നദാലിയ.