photo
ജിതിനും അശ്വതിയും ബാലഗോപാലിനൊപ്പം സെൽഫിയ്ക്ക് പോസ് ചെയ്യുന്നു

കൊല്ലം: ചുവന്ന പൂക്കൾ നൽകി വധൂവരൻമാർ ജനനായകനെ സ്വീകരിച്ചു, മനസുനിറഞ്ഞ അനുഗ്രഹം ചൊരിഞ്ഞ് കെ.എൻ.ബാലഗോപാൽ. ഇന്നലെ വാളകം പ്രതീക്ഷ കൺവെൻഷൻ സെന്ററിലെ വിവാഹ വേദിയിലേക്കാണ് കൊട്ടാരക്കരയിലെ ഇടത് മുന്നണി സ്ഥാനാർത്ഥിയായ കെ.എൻ.ബാലഗോപാലെത്തി വധൂവരൻമാരെ അനുഗ്രഹിച്ചത്. മുഹൂർത്തത്തിന് അര മണിക്കൂർ മുൻപാണ് സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത സന്ദർശനം. കതിർമണ്ഡപത്തിന് പുറത്ത് നിന്ന വരൻ ജിതിൻ ബാലഗോപാലിനെ കണ്ട് ഇറങ്ങിവന്നു. വർത്തമാനം പറഞ്ഞുകൊണ്ടുതന്നെ അവരൊന്നിച്ച് വേദിയിലെത്തി. വധു അശ്വതി അപ്പോഴും ഗ്രീൻ റൂമിലായിരുന്നു. ബാലഗോപാലെത്തിയ വിവരമറിഞ്ഞതോടെ ചുവന്ന പൂക്കളുമെടുത്ത് അശ്വതിയും എത്തി. പിന്നെ വധൂവരൻമാരൊന്നിച്ച് ആ പൂക്കൾ ബാലഗോപാലിന് സമ്മാനിച്ച് വിജയാശംസകൾ നേർന്നു. കല്യാണത്തിരക്കിനിടയിലും ഒരു സെൽഫി വേണമെന്നായി വരൻ. പിന്നെ ബാലഗോപാലിനൊപ്പം അവർ സെൽഫിയെടുത്തപ്പോൾ കണ്ടുനിന്ന പലരും സെൽഫിയ്ക്കായി അടുത്തി. വാളകം പൊലിക്കോട് വേലിത്തോട്ടത്തിൽ സോമൻപിള്ളയുടെയും ബി.എസ്.വസന്തയുടെയും മകളാണ് വധു അശ്വതി. അഞ്ചൽ ഏരൂർ പച്ചയിൽവീട്ടിൽ സോമശേഖരൻ പിള്ളയുടെയും മിനിയുടെയും മകനാണ് വിദേശത്ത് എൻജിനീയറായ വരൻ ജിതിൻ. പെണ്ണുവീട്ടുകാരാണ് മണ്ഡലത്തിലെ വോട്ടറെങ്കിലും ചെറുക്കൻ കൂട്ടരോടും ഇടത് മുന്നണിയ്ക്ക് വോട്ടുചോദിക്കാൻ ബാലഗോപാൽ മറന്നില്ല. സ്വീകരണ സ്ഥലത്തുനിന്ന് വന്നതിനാൽ തിരക്ക് കൂടുതലുണ്ടെന്നും സദ്യവട്ടത്തിന് സമയമില്ലെന്നും പറഞ്ഞ് പോകാനിറങ്ങിയ ബാലഗോപാലിന് അടപ്രഥമൻ കഴിപ്പിച്ചിട്ടേ വധൂവരൻമാർ വിട്ടുള്ളൂ.