bbb
ഓശാനപ്പെരുന്നാൾ ദിനത്തിൽ കാരംകോട് കുരിശുംമൂട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി ബി.ബി. ഗോപകുമാർ വിശ്വാസികൾക്കൊപ്പം പെസഹ അപ്പം കഴിക്കുന്നു

കൊല്ലം: ഗൃഹസന്ദർശനം ഉൾപ്പെടെയുള്ള ഒന്നാംഘട്ട പ്രചാരണം പൂർത്തിയാക്കി സ്വീകരണ പരിപാടികളിലേക്ക് കടക്കുകയാണ് ജില്ലയിലെ എൻ.ഡി.എ സ്ഥാനാർത്ഥികൾ. ചുവരെഴുത്തും പോസ്റ്റർ പ്രചാരണത്തിനുമപ്പുറം എൽ.ഇ.ഡി വാൾ പ്രചാരണവും തുടങ്ങിക്കഴിഞ്ഞു.

ജില്ലയിലെ പതിനൊന്ന് നിയോജക മണ്ഡലങ്ങളിൽ രണ്ടിടത്ത് ബി.ഡി.ജെ.എസും ഒൻപതിടങ്ങളിൽ ബി.ജെ.പിയുമാണ് മത്സരിക്കുന്നത്. ചാത്തന്നൂർ മണ്ഡലത്തിൽ കഴിഞ്ഞതവണ രണ്ടാംസ്ഥാനെത്തിയതിനാൽ ഇത്തവണ മണ്ഡലം പിടിച്ചെടുക്കുന്നതിനായുള്ള തീവ്ര പ്രവർത്തനവും നടക്കുന്നുണ്ട്. പരമാവധി വോട്ടുകൾ ഉറപ്പിക്കുകയെന്ന പതിവ് രീതിയിൽ നിന്ന് വ്യത്യസ്‍തമായി മണ്ഡലങ്ങൾ പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ.
കോളനികൾ, വ്യാപാരസ്ഥാപനങ്ങൾ, ഓഫീസുകൾ, വീടുകൾ എന്നിവിടങ്ങളിലെല്ലാം പരമാവധി വോട്ടർമാരെ നേരിൽകണ്ട് വോട്ടുറപ്പിച്ച ശേഷമാണ് രണ്ടാംഘട്ട പ്രചാരണത്തിലേക്ക് കടക്കുന്നത്.

 ഉഷാറാക്കാൻ കേന്ദ്ര നേതാക്കളും

രണ്ടാംഘട്ടത്തിൽ സ്വീകരണ പരിപാടികളാണ് മുഖ്യമെങ്കിലും സംസ്ഥാന - കേന്ദ്ര നേതാക്കളും മണ്ഡലങ്ങളിലെത്തും. രാഷ്ട്രീയ വിഷയങ്ങൾക്കൊപ്പം കേന്ദ്ര സർക്കാരിന്റെ ക്ഷേമപദ്ധതികളും സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയുമൊക്കെ ചർച്ചാവിഷയമാകും. ഇതുവരെയുള്ള പ്രചാരണതന്ത്രങ്ങളിൽ നിന്ന് വ്യത്യസ്‍തമായി ഇടത് - വലത് മുന്നണികളുടെ ജനദ്രോഹ നിലപാടുകളിലൂന്നിയുള്ള പ്രചാരണം ശക്തമാക്കാൻ എൻ.ഡി.എ നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.