കുണ്ടറ: നാടിന്റെ പൊന്നോമന പുത്രി, സഖാവ് മേഴ്‌സിക്കുട്ടിഅമ്മ. ഇതാ ഈ വാഹനത്തിന്റെ തൊട്ടുപിന്നാലെ കടന്നുവരുന്നു. വികസനത്തിന്റെ തേര് തെളിച്ച മേഴ്‌സിക്കുട്ടിഅമ്മയെ വമ്പിച്ച ഭൂരിപക്ഷത്തോടെ വീണ്ടും തിരഞ്ഞെടുക്കൂ... കുണ്ടറയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ജെ.മേഴ്‌സിക്കുട്ടിഅമ്മയുടെ സ്വീകരണത്തിന് അനൗൺമെന്റ് മുഴങ്ങുകയാണ്.
കുണ്ടറ, പേരയം പഞ്ചായത്തുകളിലായിരുന്നു ശനിയാഴ്ച മേഴ്‌സിക്കുട്ടിഅമ്മയ്ക്ക് സ്വീകരണം. നാലോടെ കുണ്ടറ അലിൻഡിന് തൊട്ടുതാഴെ ആദ്യ സ്വീകരണം. പിന്നീട് ജയന്തി കോളനിയിൽ. അവിടെ നിരവധിപേർ സ്ഥാനാർത്ഥിയെ കാത്തുനിന്നിരുന്നു. അരിവാൾ ചുറ്റിക നക്ഷത്രം പുതപ്പിച്ച ബൈക്കുകളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ തുറന്ന വാഹനത്തിലെത്തിയ മേഴ്‌സിക്കുട്ടിഅമ്മയ്ക്ക് വമ്പിച്ച സ്വീകരണമാണ് ജയന്തി കോളനിക്കാർ സമ്മാനിച്ചത്.
വാഹനത്തിൽ നിന്നിറങ്ങവെ ആദ്യം മഞ്ഞബന്തിപ്പൂക്കളാൽ പുഷ്പ വൃഷ്ടി. പ്രവർത്തകർ മേഴ്‌സിക്കുട്ടിഅമ്മയ്ക്ക് സിന്ദാബാദ് വിളിച്ച് അഭിവാദ്യമേകി. സ്ത്രീകൾ പെടുന്നനെ സ്ഥാനാർത്ഥിക്ക് ചുറ്റും കൂടി. കുടുംബാംഗങ്ങളെപ്പോലെ എല്ലാവരോടും കുശലാന്വേഷണം. ആശ്ലേഷിച്ചും വീട്ടുകാര്യങ്ങൾ തിരക്കിയും അൽപനേരം.
തുടർന്ന് മറുപടി പ്രസംഗം കഴിഞ്ഞതോടെ നിറഞ്ഞ കൈയടിയും സിന്ദാബാദ് വിളിയും. വീണ്ടും അടുത്ത സ്വീകരണ വേദിയിലേക്ക്. തുറന്ന വാഹനത്തിൽ കൈവീശി മുന്നോട്ട് നീങ്ങിയ മേഴ്‌സിക്കുട്ടിഅമ്മയെ കാത്ത് വഴിയരികിൽ നൂറ് കണക്കിന് ജനങ്ങൾ കാത്തുനിന്നു. ഉറപ്പാണ് എൽ.ഡി.എഫ്, ഉറപ്പാണ് സഖാവ് മേഴ്‌സിയെന്ന ഗാനം നാടിന്റെ നിശബ്ദതയെ കീറിമുറിച്ച് മുന്നേറി.
നിങ്ങൾ എനിക്ക് വോട്ട് ചെയ്യണം
നാടിന്റെ വികസനത്തിന് മുടക്കിയ കോടികൾ എണ്ണിപ്പറയാനാവത്ത വിധമാണ് ചെലവിട്ടത്. നിങ്ങൾ എനിക്ക് വോട്ട് ചെയ്യുമ്പോൾ നിങ്ങൾ നിങ്ങൾക്ക് തന്നെയാണ് വോട്ട് ചെയ്യുന്നത്. നാടിന്റെ വികസനം തുടരണം. അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ വോട്ട് ചെയ്യണം, മേഴ്സിക്കുട്ടിഅമ്മ പറയുന്നു.