കൊല്ലം: ഓശാന ഞായറിൽ മണ്ഡലത്തിലെ ക്രൈസ്തവ ദേവാലയങ്ങളിലെത്തി കുരുത്തോല പെരുന്നാളിൽ പങ്കെടുത്ത് ചാത്തന്നൂർ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ബി.ബി. ഗോപകുമാർ. ദേവാലയത്തിലെ പൂജകളിലും പങ്കെടുത്ത് അമ്മമാരുടെ അനുഗ്രഹവും വിശ്വാസികളുടെ സ്നേഹവും വാങ്ങിയാണ് ഗോപകുമാർ മടങ്ങിയത്.
'കർത്താവിന്റെ അനുഗ്രഹം മോനുണ്ടാകും, ജയിച്ചുവാ'- ഒരു അമ്മ തലയിൽ കൈവച്ചനുഗ്രഹിച്ചു. 'അമ്മ ഒപ്പമുണ്ടാകണം, നമുക്കിവിടം മാറ്റിയെടുക്കണം. എന്തിനും ഞാനുണ്ടാകും അമ്മയ്ക്കും ഈ നാടിനുമൊപ്പം' ഗോപകുമാർ മറുപടി നൽകി. ദേവാലയത്തിലെത്തിയ ഓരോരുത്തരെയും കണ്ട് സ്നേഹവും അനുഗ്രഹവും നേടി അടുത്തയിടത്തേക്ക് യാത്ര.
ഇന്നലെ ചിറക്കര പഞ്ചായത്തിലെ വിവിധ മേഖലകളിലായിരുന്നു ഗോപകുമാറിന്റെ സ്വീകരണ പരിപാടികൾ. മോദി സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും സംസ്ഥാന സർക്കാരിനെതിരായ ജനവികാരവുമാണ് പ്രധാന പ്രചാരണായുധങ്ങൾ. മണ്ഡലത്തിലെ എം.എൽ.എക്കെതിരായ ആരോപണങ്ങളും വോട്ടർമാരോട് സൂചിപ്പിക്കുന്നുണ്ട്.
മണ്ഡലത്തിലെ വിവിധ കോണുകളിൽ നിന്നുമുള്ള പ്രതികരണങ്ങൾ പൊതുസമൂഹം മാറ്റത്തിനായി കാത്തിരിക്കുകയാണെന്ന സൂചനയാണ് നൽകുന്നതെന്നാണ് ബി.ബി. ഗോപകുമാർ പറയുന്നത് . സംസ്ഥാന സർക്കാരിന്റെ പൊള്ളത്തരങ്ങളും നിലവിലെ എം.എൽ.എയുടെ കള്ളത്തരങ്ങളും മണ്ഡലത്തിൽ സജീവ ചർച്ചയാണ്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ എൻ.ഡി.എ ഇത്തവണ ഒന്നാം സ്ഥാനത്ത് എത്തുമെന്നും മണ്ഡലത്തിലെ ജനങ്ങൾ എൻ.ഡി.എയ്ക്ക് ഒപ്പമാണെും ഗോപകുമാർ പറയുന്നു.