കുണ്ടറ: ഇക്കുറി കുണ്ടറയിൽ വിജയം നിർണയിക്കുന്നത് എൻ.ഡി.എ ആയിരിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് സ്ഥാനാർത്ഥി വനജ വിദ്യാധരൻ. വലിയ സ്‌ക്വാഡ് വർക്കാണ് ദിവസങ്ങളായി നടക്കുന്നത്.
ശനിയാഴ്ച കുണ്ടറ മുക്കടയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും അവർ വോട്ട് ചോദിക്കാനെത്തി. കൂടെ വലിയൊരു വനിതാ ഗ്രൂപ്പുമുണ്ട്. തൊഴുകൈകളോടെ എല്ലാവരോടും വോട്ട് ചോദിച്ച് ചിരിച്ച് വണങ്ങി മടങ്ങുകയാണ് വനജ.
മുക്കടയിൽ കൂടിനിന്നവരൊക്കെ വോട്ട് തരാമെന്നേറ്റു. വീണ്ടും അടുത്ത കടയിലേയ്ക്ക്. ഞാൻ വനജ വിദ്യാധരൻ ഇക്കുറി എനിക്ക് വോട്ട് തരണം. മാറി ചിന്തിക്കുമ്പോൾ നമ്മുടെ നാട് നന്നാവുമെന്ന് വനജ പറയുമ്പോൾ ഉറപ്പായും വോട്ട് ചെയ്യുമെന്നായി നാട്ടുകാർ.
മുക്കട മുതൽ ഇളമ്പള്ളൂർ വരെ വേഗത്തിലെത്തി. റോഡിലൂടെ നടക്കുമ്പോൾ നിരവധിപ്പേർ കൈയുർത്തി ആശംസകൾ നേർന്നു. ബസിൽ ഇരിക്കുന്നവരും സ്വകാര്യ വാഹന യാത്രക്കാരുമെല്ലാം വനജയ്ക്ക് വന്ദനമേകിയാണ് പോകുന്നത്. മണ്ഡലത്തിലാകെ നിറഞ്ഞ സ്വാധീനമൊരുക്കുകയാണ് വനജ. ഇതിനകം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും എത്താനായി. ചില ഉൾപ്രദേശങ്ങളിൽ കൂടി കയറിയാലേ പര്യടനം പൂർത്തിയാകൂ എന്ന് വനജ പറയുന്നു.
കേന്ദ്ര ഫണ്ടിൽ വീമ്പിളക്കുന്നു
കുണ്ടറയിൽ വികസനമില്ല. റെയിൽവേ മേൽപാലം ഇന്നാട്ടുകാരുടെ സ്വപ്‌നമാണ്. അഞ്ചുകൊല്ലം മന്ത്രി ഈ മണ്ഡലത്തിൽ ചെയ്തതെല്ലാം വെറും പ്രഖ്യാപനങ്ങൾ മാത്രമാണ്. സർക്കാർ ചെയ്യുന്ന ക്ഷേമ പ്രവർത്തനങ്ങളിൽ കൂടുതൽ തുകയും കിട്ടുന്നത് കേന്ദ്ര സർക്കാരിൽ നിന്നാണ്. അത് മറച്ചുവച്ച് എല്ലാം സംസ്ഥാന സർക്കാരിന്റേതാണെന്ന് വീമ്പിളക്കുകയാണെന്ന് വനജ വിമർശിക്കുന്നു.