പത്തനാപുരം: അപകടത്തിൽ പരിക്കേറ്റ് റോഡിൽ ചോര വാർന്ന് കിടന്നപ്പോൾ രക്ഷകനായചാമക്കാലയെ കണ്ട് ആറു വയസുകാരൻ നിഖിൽ ഓടിയെത്തി. പത്തനാപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാലയുടെ പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ പര്യടനത്തിനിടയിലായിരുന്നു സംഭവം.
കഴിഞ്ഞ വ്യാഴാഴ്ച പട്ടാഴി തിലകൻ തിയേറ്ററിന് സമീപത്തെ അപകടകരമായ വളവിൽ വച്ചാണ് വാഹനാപകടത്തിൽ നിഖിലിന് പരിക്കേറ്റത്. നിഖിലും മാതാപിതാക്കളായ ബിജുകുമാറും അശ്വതിയും ബൈക്കിലാണ് സഞ്ചരിച്ചിരുന്നത്. അപകടത്തിന് പിന്നാലെ അതുവഴി വന്ന ജ്യോതികുമാർ നിഖിലിനെയും കുടുംബത്തെയും തന്റെ വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവർക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കിയ ശേഷമാണ് ചാമക്കാല മടങ്ങിയത്. ഇന്നലെ വോട്ട് തേടി ചാമക്കാല ജ്യോതികുമാർ വീടിനടുത്ത് എത്തിയപ്പോൾ നിഖിൽ ഓടിയെത്തി കെട്ടിപ്പിടിച്ചു. പ്രചാരണം പാതിവഴിയിൽ നിറുത്തിവച്ച് നിഖിലിനോടൊപ്പം വീട് സന്ദർശിച്ച് മറ്റുള്ളവരുടെ ആരോഗ്യ വിവരങ്ങൾ തിരക്കിയ ശേഷമാണ് ചാമക്കാല മടങ്ങിയത്.