കൊല്ലം: ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന കൊല്ലം മണ്ഡലത്തിൽ പ്രചാരണം ശക്തമാക്കി മുന്നണികൾ. ഗൃഹസന്ദർശനം പൂർത്തിയാക്കിയ മുന്നണികൾ ലഘുലേഖ വിതരണത്തിൽ വ്യാപൃതരാണിപ്പോൾ. എൽ.ഡി.എഫും യു.ഡി.എഫും സ്വീകരണ പരിപാടികൾ ആരംഭിച്ചപ്പോൾ വിശ്രമമില്ലാത്ത ഗൃഹസന്ദർശനത്തിലാണ് എൻ.ഡി.എ. വ്യക്തിപരമായ ആരോപണങ്ങൾ ഒഴിവാക്കി രാഷ്ട്രീയപരമായ പ്രചാരണമാണ് മൂന്ന് മുന്നണികളും നടത്തുന്നതെന്നത് ശ്രദ്ധേയമാണ്.
ആവേശം ചോരാതെ എം. മുകേഷ്
സ്വീകരണ പരിപാടികളിൽ പങ്കെടുക്കുന്ന തിരക്കിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. മുകേഷ്. ഇന്നലെ രാവിലെ മങ്ങാട് നിന്നാരംഭിച്ച് കിളികൊല്ലൂർ സോണൽ പരിധി, കടപ്പാക്കട, കൊല്ലം ടൗൺ എന്നിവിടങ്ങളിലെ സ്വീകരണങ്ങളിൽ പങ്കെടുത്തു. വൈകിട്ട് പെയ്ത മഴയിലും ആവേശം ചോരാതെ സ്വീകരിക്കാൻ കാത്തുനിന്നവരോട് വിശേഷങ്ങൾ പങ്കുവയ്ക്കാനും മുകേഷ് മറന്നില്ല.
കുശലം പറഞ്ഞ് ബിന്ദുകൃഷ്ണ
യു.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണയുടെ സ്വീകരണ പരിപാടി മൂന്നാംദിനം പിന്നിട്ടു. ഇന്നലെ രാവിലെ തൃക്കടവൂർ സോണൽ പരിധിയിൽ കോട്ടയത്ത് കടവിൽ നിന്നാരംഭിച്ച് തൃക്കടവൂർ ഈസ്റ്റ്, വെസ്റ്റ് മേഖലകളിലെ സ്വീകരണങ്ങളിലും പങ്കെടുത്തു. ആവേശത്തോടെ കാത്തുനിൽക്കുന്നവരോട് കുശലം പറഞ്ഞാണ് ബിന്ദുകൃഷ്ണ ഓരോയിടത്തേക്കും പോകുന്നത്.
വോട്ടുതേടി വീടുകളിൽ എം. സുനിൽ
കുരുത്തോല പെരുന്നാൾ ദിനത്തിൽ കണ്ടച്ചിറ മങ്ങാട് സെന്റ് തോമസ് ദേവാലയം സന്ദർശിച്ച് എൻ.ഡി.എ സ്ഥാനാർത്ഥി എം. സുനിൽ. വിശ്വാസികൾക്ക് ഓശാന ആശംസകൾ നേർന്ന് വോട്ടഭ്യർത്ഥിക്കുകയും ചെയ്തു. ഇടവക വികാരി ഫാ. ആംബ്രോസിനെയും കണ്ട ശേഷമാണ് മടങ്ങിയത്. കിളികൊല്ലൂർ സോണൽ പരിധിയിലെ ഒട്ടുമിക്ക വീടുകളിലും എത്തിയ ശേഷമാണ് ഇന്നലത്തെ ഗൃഹസന്ദർശനം അവസാനിച്ചത്.