knb
കൊട്ടാരക്കരയിലെ ഇടത് മുന്നണി സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിന് വാളകത്ത് നൽകിയ സ്വീകരണം

കൊട്ടാരക്കര: ഉമ്മന്നൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ‌ ഇടത് മുന്നണി സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാലിന് ആവേശകരമായ സ്വീകരണം. കർഷക ഗ്രാമമായ മേൽക്കുളങ്ങര നിന്നാണ് സ്വീകരണ പര്യടനം തുടങ്ങിയത്‌. ഒരു പറ നിറയെ നെല്ലും വെറ്റിലയും വാഴക്കുലയും നൽകി സ്വീകരിച്ചവർ കർഷക സംഘത്തിന്റെ സംസ്ഥാന സെക്രട്ടറി കൂടിയായ ബാലഗോപാലിന് ‌ ചരിത്രവിജയം ആശംസിച്ചു. ബ്രാഞ്ച്‌ സെക്രട്ടറിമാരായ സജീവ്‌, മനോഹരൻ, ബൂത്ത് സെക്രട്ടറി രാമദാസ്‌ എന്നിവർ ചേർന്നാണ്‌ നെല്ല്‌ നൽകിയത്‌. കർഷക സംഘം വാളകം വില്ലേജ് പ്രസിഡന്റ് സുനിൽ പി. ശേഖർ പൂവൻ കുല നൽകി സ്വീകരിച്ചു. രാജ്യത്തെ കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ബാലഗോപാൽ വിജയിക്കണമെന്നും കർഷകർ പറഞ്ഞു. കെ .എൻ. ബാലഗോപാലിന്റെ ഞായറാഴ്‌ചത്തെ സ്വീകരണം മേൽക്കൂളങ്ങരയിൽ മണ്ഡലം ഇലക്ഷൻ കമ്മിറ്റി സെക്രട്ടറി ജോർജ്ജ് മാത്യൂ ഉദ്ഘാടനം ചെയ്തു. പ്രകാശ് ലക്ഷമണൻ അദ്ധ്യക്ഷനായി. കെ. പ്രതാപകുമാർ സ്വാഗതം പറഞ്ഞു.ഐഷപോറ്റി എം.എൽ.എ, എ. മന്മഥൻ നായർ , എ. എസ്‌. ഷാജി എന്നിവർ പങ്കെടുത്തു. ഒരോ കേന്ദ്രങ്ങളിലും സ്‌ത്രീകൾ ഉൾപ്പടെ വൻ ജനാവലിയാണ്‌ ബാലഗോപാലിനെ സ്വീകരിച്ചത്‌.

ജനസാഗരം

പകൽ 2 ന്‌ സ്വീകരണ പരിപാടി അണ്ടൂർ ജംഗഷനിൽ എത്തിയതോടെ ജനസാഗരമായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുൻകാല എസ്‌.എഫ്‌.ഐ പ്രവർത്തകരും സുഹൃത്തുക്കളും ബാലഗോപാലിനെ കാണാൻ എത്തി. മുദ്രാവാക്യം വിളികളോടെയാണ്‌ പ്രവർത്തകരും നാട്ടുകാരും സ്വീകരിച്ചത്‌. ചെറിയ വിശ്രമത്തിനുശേഷം പകൽ 3 ന്‌ ചെറുവല്ലൂരിൽ നിന്ന് ആരംഭിച്ച് സ്വീകരണ പരിപാടി രാത്രി ഒമ്പതിന്‌ കാക്കത്താനത്ത്‌ സമാപിച്ചു. ഓശാന ഞായറാഴ്‌ച വിവിധ പള്ളികളിൽ എത്തി വോട്ട്‌ അഭ്യർത്ഥന നടത്തിയതിനുശേഷമാണ്‌ സ്വീകരണ പരിപാടി തുടങ്ങിയത്‌. വിവിധ സ്വീകരണ യോഗങ്ങളിൽ എൽ.ഡി.എഫ്‌ നേതാക്കളായ പി. കെ .ജോൺസൻ, മുരളീധരൻ ഉണ്ണിത്താൻ, കെ. പ്രതാപകുമാർ, ഷാജൂ, നവാസ്‌, ശ്യംകുമാർ,മുരളീധരൻപിള്ള, ശിവപ്രസാദ്‌, രതീഷ്‌ , ബിനു,എന്നിവർ സംസാരിച്ചു.

ഇന്ന് എഴുകോണിൽ സ്വീകരണം

കെ.എൻ. ബാലഗോപാലിന് ഇന്ന് എഴുകോൺ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ സ്വീകരണം നടക്കും. രാവിലെ 8ന് ഈലിയോട് നിന്നാരംഭിക്കുന്ന പര്യടനം വൈകിട്ട് 6ന് പ്ലാക്കാട് യവനികയിൽ സമാപിക്കും.