പത്തനാപുരം: ശക്തമായ കാറ്റിലും മഴയിലും മരത്തിന്റെ ശിഖരം ഒടിഞ്ഞ് വീണ് നിരവധി വാഹനങ്ങൾ തകർന്നു. പത്തനാപുരം സെന്റ് സ്റ്റീഫൻസ് ഹൈസ്കൂളിലെ ഓഡിറ്റോറിയത്തിന് മുന്നിലുളള തണൽമരത്തിന്റെ ശിഖരമാണ് നിറുത്തിയിട്ടിരുന്ന കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും മുകളിലേക്ക് പതിച്ചത്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ വോട്ടിംഗ് മെഷിനുകളുടെ കമ്മിഷൻ നടന്നു വരികയായിരുന്നു. ഇതിനായി എത്തിയ ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. പത്തനാപുരം ഡെപ്യൂട്ടി തഹസീൽദാർ സി.ജി.എൽ. ഷിലിൻ, ഫോറസ്റ്റ് ഓഫീസർ കനകരാജൻ, ജയപ്രകാശ് എന്നിവരുടെ കാറുകൾക്കും ബീറ്റ് ഓഫീസർ പൂജയുടെ ഇരുചക്ര വാഹനത്തിനും നാശം സംഭവിച്ചു. കൂടാതെ കാറ്റിലും മഴയിലും വൈദ്യുതി ബന്ധം തകരാറിലായതോടെ വോട്ടിംഗ് മെഷീനുകളുടെ കമ്മിഷനിംഗ് ജോലികളും തടസപ്പെട്ടു.