vote

പുനലൂർ:ബാലറ്റ് പേപ്പറിലെ ചിഹ്നത്തിന്റെ വലിപ്പം കൂടിയതായി പരാതി.പുനലൂർ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായ ആയൂർ മുരളിയുടെ ചിഹ്നത്തിന്റെ വലിപ്പം കൂടിയതായാണ് പരാതി. പുനലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സ്ട്രോംഗ് മുറിയിൽ നടന്ന് വരുന്ന ബാലറ്റ് പേപ്പറിന്റെ സെറ്റിംഗിനിടെയിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ചീഫ് ഏജന്റും തെന്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ.ശശിധരൻ പരാതിയുമായ വരണാധികാരിയെ സമീപിച്ചതെന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ സി.വിജയകുമാർ അറിയിച്ചു.സംഭവം അറിഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ചീഫ് ഏജന്റിന്റെ പരാതി ജില്ലാ വരണാധികാരികൂടിയ കളക്ടർക്ക് കൈമാറിയിട്ടുണ്ടെന്ന് പുനലൂരിലെ വരണാധികാരിയായ തെന്മല ഡി.എഫ്.ഒ സൺ അറിയിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച് നൽകിയ വലിപ്പമാണ് താമര ചിഹ്നത്തിനുള്ളതെന്നും ഇത് കണക്കിലെടുത്ത് ബാലറ്റ് സെറ്റിംഗ് ജോലികൾ തടസമില്ലാതെ തുടരുകയാണെന്നും വരണാധികാരി അറിയിച്ചു.