kunnathoor-

കുന്നത്തൂർ: കേരളം ഭരിക്കുന്നത് അന്നം മുടക്കി വിജയനാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കുന്നത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം ഭരണിക്കാവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെപ്തംബർ മുതൽ മാർച്ച് വരെ ജനങ്ങൾക്ക് കൊടുക്കേണ്ടുന്ന അരി പൂഴ്‌ത്തിവച്ചു. തിരഞ്ഞെടുപ്പ് വന്നപ്പോൾ വോട്ട് കിട്ടാൻ അരിയുമായി രംഗത്തെത്തിയതാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ആകാശവും മുഖ്യമന്ത്രി പിണറായി വിജയൻ കടലും വിൽക്കുകയാണ്.

അഴിമതികൾ പുറത്തുകൊണ്ടുവരുന്നതിന്റെ വൈരാഗ്യമാണ് മുഖ്യമന്ത്രി തന്നോട് കാട്ടുന്നത്. സ്‌പ്രിംഗ്ളർ മുതൽ ആഴക്കടൽ മത്സ്യബന്ധന കരാർ വരെയുള്ള അഴിമതികളാണ് കൈയോടെ പിടികൂടിയത്. സംസ്ഥാനത്ത് ഇതുവരെ നാലുലക്ഷം വ്യാജ വോട്ടുകൾ കണ്ടെത്തി. സൂക്ഷ്മമായി പരിശോധിച്ചാൽ ഇനിയും കൂടും.

യു.ഡി.എഫ് അധികാരത്തിലെത്തിയാൽ നൂറ് ദിവസത്തിനുള്ളിൽ വിശ്വാസ സംരക്ഷണത്തിന് പ്രത്യേക നിയമം കൊണ്ടുവരും.

പിണറായിയുടെ ഇരുമ്പ് കോട്ടയിൽ സ്വപ്നയ്ക്കും ശിവശങ്കറിനും മാത്രമാണ് പ്രവേശനം. അതിനാലാണ് കുന്നത്തൂർ എം.എൽ.എയെ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ സുരക്ഷാ ഉദ്യോഗസ്ഥൻ കഴുത്തിന് പിടിച്ച് തള്ളിയത്. കുന്നത്തൂരിലെ ജനങ്ങളെ മുഖ്യമന്ത്രി അപമാനിച്ചെന്നും ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് ചെയർമാൻ ഗോകുലം അനിൽ അദ്ധ്യക്ഷനായിരുന്നു. കെ.പി.സി.സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ, ഉല്ലാസ് കോവൂർ തുടങ്ങിയവർ പങ്കെടുത്തു.