കൊല്ലം: തൃക്കരുവ എസ്.എൻ.വി സംസ്കൃത ഹൈസ്കൂളിന്റെ നൂറാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി 'ലഹരി വസ്തുക്കളും വിദ്യാർത്ഥി സമൂഹവും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. തിരുവനന്തപുരം എക്സൈസ് ജോ. കമ്മിഷണർ എ.എസ്. രഞ്ജിത്ത് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കാവിള എം. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.

ശ്രീനാരായണ കോളേജ് ഒഫ് ടെക്നോളജി പ്രിൻസിപ്പൽ ഡോ. അനിതാ ശങ്കർ, ഡോ. പി.ജെ. ലീന, അഡ്വ. ശ്രീകുമാരൻ പിള്ള, എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ വനിതാസംഘം പ്രസിഡന്റ് ശോഭനാ ദേവി തുടങ്ങിയവർ വിഷയാവതരണം നടത്തി. മികച്ച വിദ്യാർത്ഥി ഷെഹിൻ ഷായ്ക്ക് കടവൂർ ബാലന്റെ സ്മരണാർത്ഥം മകൻ രവികുമാർ ഏർപ്പെടുത്തിയ കാഷ് അവാർഡ് അദ്ദേഹത്തിന്റെ സഹോദരി കമലാദേവി സമർപ്പിച്ചു.

ഓഫീസ് സ്റ്റാഫ് വീണാ മഹാദേവൻ സംസാരിച്ചു. ഹെഡ്മിസ്ട്രസ് എം.കെ. അനിത സ്വാഗതവും നൗഷാദ് നന്ദിയും പറഞ്ഞു. കടവൂർ ബാലന്റെ മകൻ രവികുമാറിന്റെ ഗാനാലാപനവും തുടർന്ന് നടന്നു.