കൊല്ലം: തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിൽ ഇന്നലെ പര്യടനത്തിനെത്തിയ ജെ. മേഴ്സിക്കുട്ടിഅമ്മയെ നിറഞ്ഞ പുഞ്ചിരിയോടെയാണ് നാട്ടുകാർ വരവേറ്റത്. പതിവുപോലെ മണ്ഡലത്തിലെ വികസനങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു വോട്ടഭ്യർത്ഥന.
തുടർഭരണം നാടിന്റെ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ കുണ്ടറയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി മണ്ഡലത്തിൽ 22 കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ കുടിവെള്ള പദ്ധതിയിലൂടെ മിക്ക വീടുകളിലും കുടിവെള്ളം എത്തിയതായി പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ ഇതുപോലെ കരുതിലേകിയ സർക്കാർ മറ്റൊരു സംസ്ഥാനത്തും ഇല്ലെന്നും മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു.
ആസാദ് ജംഗ്ഷനിൽ കുട്ടികൾ താലത്തിൽ പൂക്കളുമായാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. ചേരിക്കോണം കോളനി നിവാസികളുടെ ജീവിത നിലവാരം ഉയർത്തുവാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഇവിടുള്ളവർക്ക് ഫ്ലാറ്റ് നിർമ്മിച്ചു നൽകുമെന്നും മേഴ്സികുട്ടിഅമ്മ പറഞ്ഞു.