photo
നെടുവത്തൂർ പഞ്ചായത്തിലെ കോട്ടാത്തല മരുതൂർ ഭാഗത്ത് മഹിളാ പ്രവർത്തകർ കെ.എൻ.ബാലഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ

കൊട്ടാരക്കര: ഇടത് മുന്നണി സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി വനിതാ സ്ക്വാഡുകൾ രംഗത്തിറങ്ങി. സ്ഥാനാർത്ഥിയുടെ അഭ്യർത്ഥനയുമായി ആദ്യ റൗണ്ട് പാർട്ടി പ്രവർത്തകർ ഭവന സന്ദർശനം നടത്തിയിരുന്നു. ബൂത്ത് കൺവെൻഷനും മേഖലാ കൺവെൻഷനും കുടുംബ യോഗങ്ങളും പൂർത്തിയാക്കിക്കൊണ്ടാണ് ഓരോ മേഖലയിലും വനിതകളുടെ ചെറുസംഘങ്ങൾ പ്രചാരണ രംഗത്തിറങ്ങിയത്. ഒരിടത്ത് ആറും ഏഴും വനിതകൾ വീതം കയറിയാൽ മതിയെന്നാണ് നിർദ്ദേശം. അതുകൊണ്ടുതന്നെ ഒരു മേഖലയിൽ രണ്ടും മൂന്നും സംഘങ്ങളായിട്ടാണ് വനിതകളുടെ ഭവന സന്ദർശനം. അടുക്കള വിശേഷങ്ങളും നാട്ടിലെ പൊതു കാര്യങ്ങളും സർക്കാർ നടപ്പാക്കിയ ക്ഷേമ-വികസന പ്രവർത്തനങ്ങളും കെ.എൻ.ബാലഗോപാലിന്റെ വ്യക്തി വിശേഷങ്ങളുമെല്ലാം വീട്ടമ്മമാരും യുവതികളുമടങ്ങുന്ന വനിതാ സ്ക്വാഡുകളുടെ വർത്തമാനത്തിൽ നിറയുകയാണ്. ഓരോ വീട്ടിലും കൂടുതൽ സമയമെടുത്താണ് തിരഞ്ഞെടുപ്പ് വർത്തമാനം. വരും ദിവസങ്ങളിൽ കൂടുതൽ സംഘങ്ങൾ രംഗത്തിറങ്ങും. വീട്ടരങ്ങുകളും കുടുംബ കൂട്ടായ്മകളുമൊക്കെ കൂട്ടത്തിൽ നടത്തുന്നുമുണ്ട്. ബാലസംഘത്തിന്റെ പ്രവർത്തകരും അടുത്ത ദിവസങ്ങളിൽ കണിക്കൊന്ന പൂക്കളുമായി ഭവന സന്ദർശനത്തിനിറങ്ങും. ഇടത് മുന്നണിയുടെ അഭ്യർത്ഥനയും ഉപ സംഘടനകളുടെ അഭ്യർത്ഥനകളുമൊക്കെ വീടുകയറി വിതരണം ചെയ്യുകയാണ് ഓരോ ചെറു സംഘങ്ങളും. സ്ഥാനാർത്ഥിയുടെ സ്വീകരണ പരിപാടികളും ഉഷാറായി നടക്കുകയാണ്.