kerala

തിരുവനന്തപുരം: നിയമസഭാ തിര‍ഞ്ഞെടുപ്പിൽ പൊലീസ് അസോസിയേഷൻ നേതാക്കൾ രോഗാവധിയെടുത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നതായി പൊലീസ് മേധാവിക്കും തിരഞ്ഞെടുപ്പ് കമ്മിഷനും ഇന്റലിജൻസ് സമർപ്പിച്ച റിപ്പോർട്ട് നടപടിയെടുക്കാതെ പൂഴ്ത്തി. തിരഞ്ഞെടുപ്പ് ചുമതലകൾക്ക് മതിയായ പൊലീസ് ഉദ്യോഗസ്ഥരില്ലാതിരിക്കുമ്പോഴാണ് അസോസിയേഷൻ നേതാക്കളുടെ ഇലക്ഷൻ വർക്കിനെതിരെ ഇൻ്റലിജൻസ് റിപ്പോർട്ട് സമർപ്പിച്ചത്.

സാധാരണ ഒരുദിവസം ഓരോ പൊലീസ് ജില്ലയിലും പത്ത് മുതൽ ഇരുപത് വരെ പേരാണ് ഓരോ ദിവസവും രോഗ അവധിയെടുക്കുന്നത്. എന്നാൽ, തലസ്ഥാന നഗരിയിൽ മാത്രം കഴിഞ്ഞ ദിവസങ്ങളിൽ നൂറിനടുത്ത് പേർ അവധിയിൽ പ്രവേശിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്റലിജൻസ് നടത്തിയ അന്വേഷണമാണ് റിപ്പോർട്ടിന് ആധാരമായത്.

ഇതേ തുടർന്ന് മറ്റ് ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചപ്പോഴാണ് എല്ലാ ജില്ലകളിലും അസോസിയേഷൻ നേതാക്കളുടെ കൂട്ടയവധി ശ്രദ്ധയിൽപ്പെട്ടത്. പൊലീസ് അസോസിയേഷൻ നേതാക്കളാണ് അവധിയെടുക്കുന്നതിൽ അധികവും . പലരും ഡ്യൂട്ടിയിൽ കയറി ഒപ്പിട്ടശേഷം മുങ്ങി വോട്ട് പിടിക്കാനിറങ്ങുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടിക്കായി സമർ‌പ്പിച്ച റിപ്പോർട്ടാണ് പൂഴ്ത്തിയത്. ഇതിന് പുറമേ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പോസ്റ്റൽവോട്ട് ക്രമക്കേടിൽ ആരോപണം ഉയർന്ന സേനയിൽ ഇത്തവണ തപാൽവോട്ട് രേഖപ്പെടുത്തിയ പല പൊലീസുകാർക്കും ഭീഷണിസന്ദേശമെത്തിയതായ വിവരവും പുറത്തുവരുന്നുണ്ട്.

വോട്ട് ചെയ്ത ബാലറ്റിന്റെ ചിത്രം മൊബൈൽഫോണിൽ പകർത്തി തങ്ങളെ കാണിക്കണമെന്നാണ് അസോസിയേഷൻ നേതാക്കളുടെ നിർദ്ദേശം. ഇത് അനുസരിക്കാൻ കൂട്ടാക്കാത്തവരെയാണ് ഭീഷണിപ്പെടുത്തുന്നത്. സംസ്ഥാനത്തെ പൊലീസ് സേനാംഗങ്ങളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട അരലക്ഷത്തോളം പേരിൽ ഭൂരിഭാഗം പേരും തപാൽ വോട്ടിനെയാണ് ആശ്രയിക്കുന്നത്.