election

കൊല്ലം: ഒരുകാലത്ത് ആർ.എസ്.പിയുടെ തട്ടകമായിരുന്ന ഇരവിപുരം വീണ്ടും ഒരു നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ സിറ്റിംഗ് സീറ്റ് സി.പി.എം നിലനിർത്തുമോ,​ അതോ ആർ.എസ്.പി തിരിച്ചുപിടിക്കുമോ?​. വോട്ടർമാർക്കിടയിൽ സജീവമായ ഈ ചോദ്യത്തിന് ഉത്തരം ലഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം.

ആർ.എസ്.പിയുടെ തട്ടകം

വർഷങ്ങൾക്ക് മുമ്പ് എ.എ.റഹീമും പി.കെ.കെ.ബാവയും ജയിച്ചതൊഴിച്ചാൽ എന്നും വിജയം ആർ.എസ്.പി.യ്‌ക്കൊപ്പമായിരുന്നു. സി.പി.എമ്മിനും കോൺഗ്രസ്സിനും ഏറെ സ്വാധീനമുള്ള മണ്ഡലം കൂടിയാണ് ഇരവിപുരം. ഇക്കുറി അഭിമാനപ്പോരാട്ടത്തിന്റെ തയ്യാറെടുപ്പിലാണ് ഇരവിപുരത്ത് ഇരുമുന്നണികളും.

മയ്യനാട് ഗ്രാമപഞ്ചായത്തും 24 കോർപ്പറേഷൻ ഡിവിഷനുകളും ചേർന്നതാണ് ഇരവിപുരം നിയമസഭാ മണ്ഡലം. സി.പി.എം, കോൺഗ്രസ്, ബി.ജെ.പി, സി.പി.ഐ, ആർ.എസ്.പി, ബി.ഡി.ജെ.എസ് തുടങ്ങിയ പാർട്ടികൾക്ക് മണ്ഡലത്തിൽ സ്വാധീനമുണ്ട്.

ശക്തമായ ത്രികോണ മത്സരം

2016ൽ എൽ.ഡി.എഫിന്റെ എം. നൗഷാദാണ് ഇരവിപുരത്ത് നിന്ന് നിയമസഭയിലെത്തിയത്. ഇത്തവണ എൽ.ഡി.എഫ്, യു.ഡി.എഫ്,​ എൻ.ഡി.എ സ്ഥാനാർത്ഥികൾ കളത്തിലിറങ്ങിയതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. സിറ്റിംഗ് എം.എൽ.എ എം. നൗഷാദാണ് ഇത്തവണയും ഇവിടെ ഇടതുമുന്നണി സ്ഥാനർത്ഥിയായി ജനവിധി തേടുന്നത്. പ്രമുഖ ആർ.എസ്‌.പി നേതാവ് ടി.കെ ദിവാകരന്റെ മകനും മുൻമന്ത്രിയുമായ ബാബുദിവാകരനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എമുന്നണിയിൽ ബി.ഡി.ജെ.എസിന് ലഭിച്ച സീറ്റിൽ ബി.ഡി.ജെ.എസ് നേതാവായ രഞ്ജിത്ത് രവീന്ദ്രനാണ് എൻ.ഡി.എ സ്ഥാനാർത്ഥി. ഭരണനേട്ടങ്ങൾ ഉയർത്തി തുട‌ർഭരണത്തിനായി ഇടതുമുന്നണിയും സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ യു.ഡി.എഫും ഇരുമുന്നണികൾക്കുമെതിരെ ബി.ജെ.പിയും പോർമുഖത്ത് അണിനിരന്നതോടെ മുസ്ളീം,​ ഈഴവ വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ സമുദായ സമവാക്യങ്ങളും നിലപാടുകളുമായിരിക്കും വിധി നിർണയിക്കുക.

2011ൽ മണ്ഡലത്തിന്റെ അതിർത്തികൾ പുനർനിർണയിച്ചതോടെ പകുതി ഗ്രാമവും പകുതി നഗരവുമായാണ് ഇരവിപുരത്തിന്റെ മുഖച്ഛായ. രൂപവും ഭാവവും മാറിയ മണ്ഡലത്തിൽ പത്ത് വർഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ എ.എ. അസീസിനെ എതിരിടാനൻ പി.കെ.കെ.ബാവ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി എത്തിയെങ്കിലും പരാജയമായിരുന്നു വിധി.

എ.എ.അസീസ് 51271 വോട്ടും പി.കെ.കെ.ബാവ 43259 വോട്ടും ബി.ജെ.പി.സ്ഥാനാർത്ഥി പട്ടത്താനം ബാബു 5048 വോട്ടും സ്വതന്ത്രനായി മത്സരിച്ച മൈലക്കാട് ഷാ 3234 വോട്ടും നേടി. എ.എ.അസീസിന്റെ ഭൂരിപക്ഷം 8012 വോട്ടായിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പോടെ മുന്നണി സമവാക്യങ്ങളിൽ ഇരവിപുരത്ത് കാതലായ മാറ്റങ്ങൾ വന്നു. എ.എ.അസീസിന്റെ നേതൃത്വത്തില്‍ ആർ.എസ്.പി. ഇടതുമുന്നണി വിട്ട് യു.ഡി.എഫിലെത്തി.

യു.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിച്ച എൻ.കെ.പ്രേമചന്ദ്രൻ ഏഴായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം ഇരവിപുരം മണ്ഡലത്തിൽ ലഭിച്ചു. എന്നാൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പോടെ ചിത്രം മാറി.

മയ്യനാട് പഞ്ചായത്തിലും കോർപ്പറേഷൻ ഡിവിഷനുകളിൽ ഭൂരിഭാഗവും എൽ.ഡി.എഫ്. വിജയം നേടി. ബി.ജെ.പി.യും വോട്ടുകളുടെ എണ്ണത്തിൽ വലിയ വർദ്ധന ഉണ്ടാക്കി.

#ഗ്രാമപഞ്ചായത്ത്

മയ്യനാട്

#നഗരസഭാ ഡിവിഷനുകൾ

കയ്യാലയ്ക്കൽ, വാളത്തുംഗൽ, ഇരവിപുരം, ആക്കോലിൽ, തെക്കുംഭാഗം, കൊല്ലൂർവിള, തെക്കേവിള, ഭരണിക്കാവ്, മുണ്ടയ്ക്കൽ, ഉദയമാർത്താണ്ഡപുരം, പട്ടത്താനം, കന്റോൺമെന്റ്, വടക്കേവിള, അമ്മൻനട, അയത്തിൽ, പള്ളിമുക്ക്, മണക്കാട്, പാലത്തറ, പുന്തലത്താഴം, കിളികൊല്ലൂർ, പാൽക്കുളങ്ങര, കോളേജ് ഡിവിഷൻ, കോയിക്കൽ, കല്ലുംതാഴം

#ആദ്യ തിരഞ്ഞെടുപ്പ്: 1957ൽ

#ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്: പി. രവീന്ദ്രൻ (സി.പി.ഐ)

# 2016ൽ തിരഞ്ഞെടുക്കപ്പെട്ടത്: എം. നൗഷാദ് (സി.പി.എം)

# ഇതുവരെ തിരഞ്ഞെടുക്കപ്പെട്ടവർ

പി.രവീന്ദ്രൻ, അബ്ദുൾ റഹീം, ആർ.എസ്. ഉണ്ണി, വി.പി. രാമകൃഷ്ണപിള്ള, പി.കെ.കെ. ബാവ, എ.എ. അസീസ്, എം. നൗഷാദ്

മന്ത്രിമാരായവർ: ആർ.എസ്. ഉണ്ണി, വി.പി. രാമകൃഷ്ണപിള്ള, പി.കെ.കെ. ബാവ

# പ്രമുഖ സമുദായങ്ങൾ: ഈഴവ, മുസ്ലിം, ക്രിസ്ത്യൻ, നായർ

#2016ലെ മത്സരചിത്രം

എം. നൗഷാദ് (സി.പി.എം)

എ.എ. അസീസ് (ആർ.എസ്.പി)

ആക്കാവിള സതീക്ക് (ബി.ഡി.ജെ.എസ്)

അയത്തിൽ റസാക്ക് (എസ്.ഡി.പി.ഐ)

മുഹമ്മദ് ഇസ്മയിൽ (പി.ഡി.പി)

മനോജ് (സ്വതന്ത്രൻ)

ബി. വിനോദ് (എസ്.യു.സി.ഐ)

#വിജയിച്ച സ്ഥാനാർത്ഥിയും വോട്ടും

എം. നൗഷാദ് (സി.പി.എം): 65,392

ഭൂരിപക്ഷം: 28,803

# പ്രമുഖ സ്ഥാനാർത്ഥികളും വോട്ടും

എ.എ. അസീസ് (ആർ.എസ്.പി): 36,589

ആക്കാവിള സതീക്ക് (ബി.ഡി.ജെ.എസ്): 19,714

ആകെ വോട്ട് ചെയ്തവർ: 1,24,971

വോട്ടിംഗ് ശതമാനം: 73.40