കൊല്ലം: എന്തൊരു ചിരിയാണെന്തോരു ചിരിയാ
പെൻഷൻ വാങ്ങിയ കണ്ണുകളെല്ലാം
വീടില്ലാത്ത മനുഷ്യർക്കെല്ലാം
വീടുകൾ നൽകി മാതൃകയായി...
തുള്ളൽ പാട്ടിന്റെ ഈണത്തിലുള്ള ഗാനവുമായി പ്രചാരണ വാഹനം മുളങ്കാടകം യു.ഐ.ടിക്ക് മുന്നിലെത്തി. അവിടെ കാത്തുനിന്ന വിദ്യാർത്ഥികളുടെ ഹൃദയം പാട്ടിനൊത്ത് ആടി തുടങ്ങി. അപ്പോഴേക്കും അടിച്ചുപൊളി വിപ്ലവഗാനവുമായി ഒരു മിനിലോറി അവിടേക്കെത്തി. അതിൽ നിന്ന് ചുവപ്പ് ടീ ഷർട്ട് ധരിച്ച ഒരു കൂട്ടം യുവാക്കൾ ചാടിയിറങ്ങി നൃത്തം വച്ച് തുടങ്ങി. വിദ്യാർത്ഥികളുടെ ശ്രദ്ധ ഡി.വൈ.എഫ്.ഐക്കാരുടെ നൃത്തച്ചുവടുകളിലേക്കായി. പാട്ടും നൃത്തവും അവസാനിച്ചപ്പോൾ തകർപ്പൻ അനൗൺസ്‌മെന്റ് വരുന്നു. 'വികസനത്തിന്റെ പെഴുമഴക്കാലം സൃഷ്ടിച്ച നിങ്ങളുടെ സ്വന്തം മുകേഷ് ഇതാ കടന്നുവരുന്നു. നിങ്ങൾ സൃഷ്ടിച്ച, നിങ്ങളുടെ സ്വന്തം നേതാവ്, ജനങ്ങളുടെ നേതാവ്, ജനകീയ നേതാവ്. ആയിരങ്ങളുടെ സ്നേഹോഷ്മള സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഇതാ കടന്നുവരുന്നു.'
മുകേഷിന് മാലയിട്ട് ഒപ്പം സെൽഫിയെടുക്കാൻ വിദ്യാർത്ഥികൾ കാത്തുനിൽക്കുകയാണ്. തുറന്ന വാഹനത്തിൽ രാജകുമാരനെപ്പോലെ ചുവന്ന ഷാൾ കൊണ്ട് തലപ്പാവ് ധരിച്ച്, വഴിവക്കിൽ നിൽക്കുന്നവരെ ചിരിയെറിഞ്ഞ് കൈവീശി അഭിവാദ്യം ചെയ്തുവരുകയാണ് മുകേഷ്. അദ്ദേഹത്തിന്റെ വാഹനത്തിന് മുന്നിലേക്ക് ഒരുകൂട്ടമാളുകൾ ചാടിയിറങ്ങി. അതിൽ സ്ത്രീകളും കുട്ടികളുമുണ്ട്. അവരുടെ കൈയിൽ പല വർണങ്ങളിലുള്ള മാലയുണ്ട്. അവിടെ മുൻകൂട്ടി സ്വീകരണം നിശ്ചയിച്ചിട്ടില്ലായിരുന്നു. മുകേഷ് വരുന്നതറിഞ്ഞ് സ്വയം സംഘടിച്ച് സ്വീകരിക്കാൻ എത്തിയതാണവർ.
ക്യാപ്ടനൊരു കൈത്താങ്ങ്
ഓഖിയും പ്രളയവും കൊവിഡും അടക്കമുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ കേരളജനതയെ നെഞ്ചുറപ്പോടെ നയിച്ച കേരളത്തിന്റെ ക്യാപ്ടൻ പിണറായി വിജയൻ വീണ്ടും അധികാരത്തിലെത്താൻ തനിക്കും വോട്ട് ചെയ്യണമെന്നാണ് മുകേഷ് പറയുന്നത്. പിന്നെ മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ഓരോന്നായി നിരത്തും. ഭക്ഷ്യകിറ്റും ക്ഷേമപെൻഷനും മുടക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് മുകേഷ് പ്രസംഗം അവസാനിപ്പിക്കുന്നത്.