bindu
കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദുകൃഷ്ണ വോട്ട് അഭ്യർത്ഥിക്കുന്നു

കൊല്ലം: നഗരം ഇന്നുവരെ കാണാത്ത ഗംഭീര സ്വീകരണമാണ് യു.ഡി.എഫ് സാരഥി ബിന്ദുകൃഷ്ണയ്ക്ക് ജനങ്ങൾ നൽകുന്നത്. നിറഞ്ഞ ചിരിയോടെ മണ്ഡലമാകെ ഓടിയെത്തുമ്പോൾ അതിന്റെ പ്രതിസ്പന്ദനം നാട്ടിലറിയാനുമുണ്ട്.

തീരദേശം, ബസ് സ്റ്റാൻഡുകൾ, കവലകൾ എല്ലായിടത്തും പ്രായമായവരും യുവതീ - യുവാക്കളും തങ്ങളുടെ സ്ഥാനാർത്ഥിക്കായുള്ള കാത്തിരിപ്പാണ്. മണ്ഡലത്തിലെ എല്ലാ മേഖലയിലും ബിന്ദുകൃഷ്ണ പര്യടനം പൂർത്താക്കി. ഇന്നലെ കൊല്ലം പട്ടണത്തിലെ കോളനികൾ കേന്ദ്രീകരിച്ചായിരുന്നു വോട്ടുതേടൽ.
കൊച്ചുകൊടുങ്ങല്ലൂർ ക്ഷേത്രത്തിനടുത്തുനിന്നായിരുന്നു തുടക്കം. ഓലയിൽ കടവ്, ഡിപ്പോ പുരയിടം, കച്ചേരിപുരയിടം, തേവള്ളി, കല്ലിടാന്തി, പുള്ളിക്കട കോളനിയും കയറി ലക്ഷ്മീവിളാകം കോളനിയിലെത്തി. പോയിടത്തെല്ലാം ബിന്ദുകൃഷ്ണയ്ക്ക് മുന്നിൽ ജനം പരാതികളുടെ കെട്ടഴിച്ചു.

വൃത്തില്ല,​ സുരക്ഷിതത്വമില്ല, കുടിവെള്ളമില്ല, രോഗികൾ നിറഞ്ഞ കോളനികൾ... അവരുടെ കണ്ണുകളിലെ നിസഹായവസ്ഥ തിരിച്ചറിഞ്ഞ് ബിന്ദു കൃഷ്ണ പറഞ്ഞു,​ ഞാൻ തിരഞ്ഞെടുക്കപ്പെട്ടാൽ ഉറപ്പായും നിങ്ങളുടെ പ്രശ്‌നങ്ങൾക്കായിരിക്കും ആദ്യം പരിഹാരം കാണുക. ഉച്ചയോടെ ആണ്ടാമുക്കം ബസ് സ്റ്റാൻഡിന് സമീപത്തെ കടകളിൽ വോട്ട് തോടി. രാഷ്ട്രീയത്തിനപ്പുറത്താണ് ഇക്കുറി വോട്ടെന്ന് വീട്ടമ്മമാരുടെ മറുപടി.
എല്ലാവരെയും ബിന്ദുകൃഷ്ണയ്ക്ക് അറിയാം. പലപ്പോഴും സഹായിച്ചവർ, പല രംഗങ്ങളിൽ കണ്ടുമുട്ടിയവർ, പാർട്ടി അനുഭാവികൾ, കോളേജ് വിദ്യാർത്ഥികൾ, ചുമട്ട് തൊഴിലാളികൾ, കൂലിപ്പണിക്കാർ എല്ലാവർക്കും അഭിവാദ്യം അർപ്പിച്ച് മുന്നോട്ട്. ആണ്ടാമുക്കം പള്ളിക്കടുത്ത് നിൽക്കുമ്പോൾ കാക്കിയണിഞ്ഞ ഡ്രൈവർ നടന്നടുക്കുന്നു. ബിന്ദുകൃഷ്ണ കൈകൂപ്പി വോട്ട് ചോദിച്ചു. ചിരിച്ചുകൊണ്ട് യുവാവ് ചോദിച്ചു,​ ചേച്ചി എന്നെ മറന്നോ, അന്ന് പൊലീസ് സ്‌റ്റേഷനിൽ നിന്ന് ഇറക്കിയത് ഓർമ്മയില്ലേ. ചേച്ചിക്കല്ലാതെ മറ്റാർക്ക് വോട്ട് ചെയ്യാൻ. പെട്ടെന്ന് ഓർത്തെടുത്തപോലെ ഞാൻ മറന്നുപോയി,​ നിഷ്‌കളങ്കമായ ബിന്ദുവിന്റെ മറുപടിയും യുവാവിന്റെ വാക്കുകളും കണ്ടുനിന്നവരുടെ മുഖത്തും കൃതാർത്ഥയുടെ നിഴലാട്ടം. കത്തുന്ന സൂര്യനെ വകവയ്യ്ക്കാതെ വീണ്ടും അടുത്ത സ്ഥലത്തേയ്ക്ക്.

 കോളനികൾ കാട്ടിത്തരും വികസന പൊള്ളത്തരം

കൊല്ലം നഗരത്തിലെ കോളനികൾ ശ്രദ്ധിച്ചാൽ മതി വികസനത്തിന്റെ പൊള്ളത്തരം അറിയാൻ. വർഷങ്ങളായി കൊല്ലത്ത് തിരഞ്ഞെടുക്കപ്പെടുന്നവർ ഈ പാവങ്ങളുടെ ദുരിതം കണുന്നില്ല. കൊല്ലത്തിന് വേണ്ടത് കൊല്ലത്ത് എപ്പോഴുമുള്ള ഒരു എം.എൽ.എയെയാണ്. കടലമ്മയെ വിൽക്കാൻ ശ്രമിച്ചവർക്ക് തിരുവനന്തപുരം മുതൽ കാസർകോടുവരെയും മറുപടി കിട്ടും. കൊല്ലം മണ്ഡലം യു.ഡി.എഫ് സ്വന്തമാക്കിയിരിക്കും, ബിന്ദു കൃഷ്ണ പറയുന്നു.