ldf
ഇടത് മുന്നണി സ്ഥാനാർത്ഥി പി.എസ്.സുപാലിൻെറ പുനലൂരിലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്.

പുനലൂർ:നിയമസഭ തിരഞ്ഞെടുപ്പിന് ഏഴ് ദിവസം മാത്രം അവശേഷിക്കുമ്പോൾ ഇടത് കോട്ടയായ പുനലൂർ മണ്ഡലത്തിൽ ഇടത്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ചൂടേറി. ഇത് കണക്കിലെടുത്ത് മണ്ഡലത്തിൽ മുൻ വർഷത്തേതിലും പൊരിഞ്ഞ പോരാട്ടമാണ് ഇത്തവണ നടക്കുന്നത്. ഇടത് മുന്നണിയിലെ പി.എസ്.സുപാലും യു.ഡി.എഫിലെ അബ്ദു റഹിമാൻ രണ്ടത്താണിയും, എൻ.ഡി.എയിലെ ആയൂർ മുരളിയുമാണ് മത്സര രംഗത്ത് സജീവമായുള്ളത്.രണ്ടാം ഘട്ട പര്യടനങ്ങൾ പൂർത്തിയാക്കി മൂന്നാം ഘട്ടത്തിന്റെ ഭാഗമായി 3സ്ഥാനാർത്ഥികളുടെയും സ്വീകരണ പരിപാടികൾ രണ്ട് ദിവസത്തിനകം പൂർത്തിയാകും.

ഭൂരിപക്ഷം ഉയരും

മന്ത്രി കെ.രാജു കഴിഞ്ഞ അ‌ഞ്ച് വർഷം മണ്ഡലത്തിൽ നടപ്പിലാക്കിയ കോടികളുടെ വികസന പ്രവർത്തനങ്ങളുടെ തുടർച്ചക്കും തുടർ ഭരണത്തിനും വേണ്ടി ഇടത് മുന്നണിയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സുപാൽ വോട്ടർമാരെ സമീപിക്കുന്നത്.എന്നാൽ മണ്ഡലത്തിൽ നിന്ന് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 33,582 വോട്ടിന്റെ ഭൂരിപക്ഷം തനിക്ക് ലഭിച്ചെന്നും ഇത്തവണ അത് 44,000മായി ഉയരുമെന്നാണ് മന്ത്രി കെ.രാജു പറയുന്നത്. ഇത് കണക്കിലെടുത്ത് യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പ്രചാരണവും കൂടുതൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

പിണക്കം മാറ്റിവച്ച് കോൺഗ്രസ്

പുനലൂരില സീറ്റ് മുസ്ലീംലീഗിന് നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വിജയകുമാറും രണ്ട് ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.ശശിധരനും ഏരൂ‌ർ സുഭാഷും ഔദ്യോഗിക സ്ഥാനങ്ങൾ രണ്ട് ആഴ്ച മുമ്പ് രാജി വച്ചിരുന്നു. എന്നാൽ പിണങ്ങി നിന്നിരുന്ന കോൺഗ്രസ് നേതാക്കളെ സംസ്ഥാന നേതൃത്വം ഇടപെട്ട് പ്രവർത്തനങ്ങൾക്ക് ഇറക്കിയതിനെ തുടർന്നാണ് രണ്ടത്താണിയുടെ പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായത്.