
കൊല്ലം: എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന് കീഴിൽ വെള്ളാപ്പള്ളി നടേശൻ സ്നേഹഭവനം പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ആറ് വീടുകളുടെ സമർപ്പണം ഇന്ന് നടക്കും. വൈകിട്ട് 3.30ന് യോഗം ധ്യാനമന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സമർപ്പണവും താക്കോൽ ദാനവും നിർവഹിക്കും. എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപം തെളിക്കും.
കിളികൊല്ലൂർ കൃഷി ഭവനിൽ നിന്ന് മികച്ച കർഷകനുള്ള അവാർഡ് കരസ്ഥമാക്കിയ കൊല്ലം യൂണിയൻ കൗൺസിലർ എം. സജീവിനെ ആദരിക്കും. ശ്രീനാരായണ ഗുരുദേവൻ രചിച്ച 'കുണ്ഡലിനിപാട്ട്' എന്ന കൃതിയെ ആധാരമാക്കി തൃശൂരിൽ സംഘടിപ്പിച്ച 'ഏകാത്മകം' മോഹിനിയാട്ട നൃത്താവിഷ്കാരത്തിൽ പങ്കെടുത്ത പ്രതിഭകളെയും ഇവരെ പരിശീലിപ്പിച്ച നൃത്ത അദ്ധ്യാപകരായ ശാന്തിനി ശുഭദേവൻ, കലാമണ്ഡലം ഡി. സജിനി, കരുമാലിൽ രുശ്ര സതീശൻ, എസ്. ജയലക്ഷ്മി, ഡി. മാനസരാജ്, എൽ. മൃദുലരാജ് എന്നിവരെയും മെമന്റോയും സർട്ടിഫിക്കറ്റും നൽകി അനുമോദിക്കും. ഇവർക്കുള്ള ഗിന്നസ് സർട്ടിഫിക്കറ്റുകളും വെള്ളാപ്പള്ളി നടേശൻ വിതരണം ചെയ്യും.
യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അദ്ധ്യക്ഷനാകും. യോഗം കൗൺസിലർ പി. സുന്ദരൻ, ബോർഡ് മെമ്പർ ആനേപ്പിൽ എ.ഡി. രമേഷ് തുടങ്ങിയവർ സംസാരിക്കും. യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ നന്ദിയും പറയും.