
കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതൽ ഉണർവേകാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്ന് ജില്ലയിലെത്തും. കുന്നത്തൂർ, ചവറ, കരുനാഗപ്പള്ളി മണ്ഡലങ്ങൾക്കായി കരുനാഗപ്പള്ളിയിലും കൊല്ലം, ഇരവിപുരം, ചാത്തന്നൂർ മണ്ഡലങ്ങൾക്കായി കൊല്ലം ക്യു.എ.സി മൈതാനത്തും മറ്റ് മണ്ഡലങ്ങൾക്കായി കൊട്ടാരക്കരയിലുമാണ് പ്രസംഗിക്കുക. ആലപ്പുഴയിലെ പ്രചാരണത്തിന് ശേഷമാണ് പ്രിയങ്ക കൊല്ലത്ത് എത്തുന്നത്.
രാഹുൽ ഗാന്ധിയുടെ കൊല്ലം സന്ദർശനവും കടലിൽ മത്സ്യബന്ധനത്തിന് പോയതും അവരുടെ പ്രശ്‌നങ്ങളിൽ ഇടപെട്ടതും വികസന മാതൃകകൾ അവതരിപ്പിച്ചതുമെല്ലാം യു.ഡി.എഫിന് കൂടുതൽ ഗുണം ചെയ്തിരുന്നു. രാജ്യത്ത് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പങ്കെടുക്കുന്ന ചടങ്ങുകളിൽ സാധാരണ വൻ ജനാവലിയാണ് എത്താറുള്ളത്.
പ്രിയങ്കയെ കാണാനും അവരുടെ പ്രസംഗം കേൾക്കാനും എത്തുന്നവരിൽ കാര്യമായ സ്വാധീനമുണ്ടാക്കി വോട്ട് ഉറപ്പിക്കുകയാണ് കോൺഗ്രസ് ലക്ഷ്യം. സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളിലും പ്രിയങ്കാ ഗാന്ധി സ്ഥാനം പിടിച്ചുകഴിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്ന യു.ഡി.എഫ് അനൗൺസ്‌മെന്റുകളിലും പ്രീയങ്കാ ഗാന്ധി നിറഞ്ഞിട്ടുണ്ട്.