
കൊല്ലം: ജമ്മു കാശ്മീരിലെ കുപ്‌വാരയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരരുമായുള്ള ഏട്ടുമുട്ടലിൽ രാജ്യത്തിനായി തന്റെ വലതുകാൽ നൽകുകയും ഒപ്പം രണ്ട് പാക് ഭീകരരെ വധിക്കുകയും ചെയ്‌ത പുനലൂർ വെഞ്ചേമ്പ് സ്വദേശി നായക് അഖിൽ കുമാറിനെ (18 മദ്രാസ് റെജിമെന്റ്) ക്വയിലോൺ മല്ലു സോൾജിയേഴ്സ് ആദരിച്ചു.
വെഞ്ചേമ്പ് ഗവ. എൽ.പി സ്കൂൾ ഓഡിറ്റോറിയത്തിൽ ഇന്നലെ നടന്ന ചടങ്ങിൽ പുനലൂർ ഡിവൈ.എസ്.പി എം.എസ്. സന്തോഷ് പൊന്നാട അണിയിച്ചും മൊമെന്റോ നൽകിയും ആദരിച്ചു. നിയന്ത്രണ രേഖയിലുണ്ടായ ഏറ്റുമുട്ടലിൽ അഖിലിനൊപ്പം ഉണ്ടായിരുന്ന ക്യാപ്ടൻ അശുതോഷ് കുമാർ, രണ്ട് ജാവന്മാർ, ഒരു ബി.എസ്.എഫ് കോൺസ്റ്റബിൾ എന്നിവർ വീരമൃത്യു വരിച്ചിരുന്നു.
ക്യു.എം.എസ് രക്ഷാധികാരി ജയകുമാർ അദ്ധ്യക്ഷനായി. കരവാളൂർ പഞ്ചായത്ത് പ്രസിഡന്റ് ജിഷ മുരളി, വെഞ്ചേമ്പ് വാർഡംഗം പ്രദീപ്, ക്യു.എം.എസ് വൈസ് പ്രസിഡന്റ് രതീഷ് തലവൂർ, എക്സി. അംഗങ്ങളായ അശോക് കുമാർ, രഞ്ജിത്ത്, രജിത്ത് രമണൻ, കിഷോർ അതിജീവൻ, രാജീവ്, രാഹുൽ കോട്ടവട്ടം, അനു, പ്രശാന്ത്, സുനീഷ് തുടങ്ങിയവർ പങ്കെടുത്തു.