
 കൊണ്ടും കൊടുത്തും പ്രചാരണം
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരാഴ്ച മാത്രം ശേഷിക്കെ മുന്നണികൾ കൊണ്ടും കൊടുത്തും ആരോപണ - പ്രത്യാരോപണങ്ങളോടെ കളം നിറഞ്ഞു. അരി കൊടുക്കാൻ ചെന്നിത്തലയും കൂട്ടരും സമ്മതിക്കില്ലെന്നാണ് ഇടത് മുന്നണിയുടെ പ്രചാരണം.
അരി തടഞ്ഞുവച്ച് മാസങ്ങളായിട്ടും കൊടുക്കാത്തത് പിണറായി സർക്കാരാണെന്ന് യു.ഡി.എഫ് നേതാക്കൾ തിരിച്ചടിക്കുന്നു. കൂടാതെ സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ സ്വപ്‌ന സുരേഷിന്റെ മൊഴിയും യു.ഡി.എഫ് വ്യാപക പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ട്.
പതിനൊന്ന് മണ്ഡലങ്ങളിൽ പലേടത്തും സ്ഥാനാർത്ഥികളെ വ്യക്തിപരമായി ആക്ഷേപിക്കുന്ന തലത്തിലേക്കും കാര്യങ്ങൾ നീങ്ങിയിട്ടുണ്ട്. കരുനാഗപ്പള്ളിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി സി.ആർ. മഹേഷ് ഇത് സംബന്ധിച്ച് ഡി.ജി.പിക്ക് പരാതിയും നൽകി. കൊല്ലത്ത് മത്സ്യത്തൊഴിലാളികൾക്കിടയിൽ ബിന്ദു കൃഷ്ണയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇതിനെതിരെ ഒരു വിഭാഗം വ്യക്തിപരമായി ആക്ഷേപിക്കുന്ന വീഡിയോകൾ നവമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. എം. മുകേഷിനെതിരെയും യു.ഡി.എഫ് വ്യക്തിപരമായ പരാമർശങ്ങൾ നടത്തുന്നുണ്ട്. എം.എൽ.എ ആയാൽ സ്ഥലത്തുണ്ടാവില്ലെന്ന് പലരീതിയിൽ മോശപ്പെടുത്തുന്നതായാണ് പരാതി.
ചാത്തന്നൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി ബി.ബി. ഗോപകുമാർ സാമുദായികമായി വോട്ടുപിടിക്കുന്നതായാണ് ഇടതുപക്ഷത്തിന്റെ ആരോപണം. പാർട്ടി നടപടിക്ക് വിധേയനായ ആൾ അത്ര ശുദ്ധനല്ലെന്നാണ് എൻ.ഡി.എയും യു.ഡി.എഫും വിമർശിക്കുന്നത്.
കൊട്ടാരക്കരയിൽ മുഖ്യ എതിരാളികൾ ആക്ഷേപിക്കുന്നതായി യു.ഡി.എഫ് ആരോപിക്കുന്നു. അതിൽ കഴമ്പില്ലെന്നാണ് മറുപക്ഷത്തിന്റെ നിലപാട്. പുനലൂരിൽ കാര്യങ്ങൾ ശാന്തമാണ്. പത്തനാപുരത്തും കുന്നത്തൂരിലും സമാനമായ ആക്ഷപങ്ങൾ ഉയരുന്നുണ്ട്. കോവൂർ കുഞ്ഞുമോൻ ലെനിസ്റ്റ് പാർട്ടിൽ ഇല്ലെന്ന് ഇന്നലെയും മുൻ പാർട്ടി നേതാവ് ബലദേവ് കൊല്ലത്ത് പത്രസമ്മേളനം നടത്തിയിരുന്നു.