
കൊല്ലം: അവശതകൾ മാറി വീട്ടിലെത്തിയ ആർ. ബാലകൃഷ്ണപിള്ള ഇക്കുറി നേരത്തെ വോട്ട് ചെയ്തു. ഇന്നലെ വൈകിട്ട് അഞ്ചേകാലോടെ പൊലീസിന്റെ സാദ്ധ്യത്തിൽ പോളിംഗ് ഉദ്യോഗസ്ഥർ പിള്ളയുടെ കൊട്ടാരക്കരയിലെ വീട്ടിലെത്തിയാണ് വോട്ട് ചെയ്യിപ്പിച്ചത്. എൺപത് പിന്നിട്ടവർക്കുള്ള അവസരമാണ് ഏപ്രിൽ 4ന് എൺപത്തേഴാം പിറന്നാൾ ആഘോഷിക്കാൻ കാത്തിരിക്കുന്ന പിള്ളയ്ക്ക് ലഭിച്ചത്.
കടുത്ത ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ 19ന് പിള്ളയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ വൈകിട്ട് നാലരയോടെയാണ് തിരികെ വീട്ടിലെത്തിയത്. വിശ്രമിക്കാനൊരുങ്ങിയപ്പോഴേക്കും പോളിംഗ് ഉദ്യോഗസ്ഥരെത്തി. ഓഫീസ് മുറിയിലിരുന്നാണ് പിള്ള ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്തിയത്. ആദ്യമായാണ് പോളിംഗ് ബൂത്തിൽ പോകാതെ പിള്ള വോട്ടു ചെയ്യുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് തപാൽ വോട്ടിന് ശ്രമിച്ചെങ്കിലും അവസരമുണ്ടായില്ല, അതിനാൽ വോട്ട് ചെയ്തില്ല.
 നൂറ് സീറ്റ് പിടിച്ച് ഭരണത്തുടർച്ച
നൂറിനടുത്ത് സീറ്റ് പിടിച്ച് തുടർ ഭരണം ഉറപ്പാണെന്ന് കേരളാ കോൺഗ്രസ് (ബി) ചെയർമാൻ ആർ. ബാലകൃഷ്ണ പിള്ള. വോട്ട് ചെയ്തശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിവാദമൊന്നും തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. വിഷയം കോടതിയുടെ പരിഗണനയിലല്ലേ. എൻ.എസ്.എസ് രാഷ്ട്രീയമില്ലാത്ത സംഘടനയാണ്. ജനറൽ സെക്രട്ടറി അത് മുൻപേ പറഞ്ഞിട്ടുണ്ടല്ലോ. ഇരട്ടവോട്ടുകൾ കുറച്ചൊക്കെ സാധാരണമായാണ്. സർക്കാരിനെതിരെ ഉയർന്ന വിവാദങ്ങളിൽ അത്ര കാര്യമാക്കേണ്ടതില്ല. തിരഞ്ഞെടുപ്പിന് ശേഷം കേരളാ കോൺഗ്രസിന് മന്ത്രി വേണമോയെന്നത് മുന്നണി തീരുമാനിക്കുമെന്നും പിള്ള കൂട്ടിച്ചേർത്തു.