photo
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുട്ടികൾക്കൊപ്പം സെൽഫിയെടുക്കുന്ന ജെ. മേഴ്സിക്കുട്ടിഅമ്മ

കുണ്ടറ: പൊള്ളുന്ന മീനച്ചൂടിനിടെ ചിലപ്പോഴൊക്കെ ചാറ്റൽ മഴ, വൈകിട്ട് ഇടിയും മിന്നലോടുംകൂടി പെരുമഴയും. എന്നിട്ടും കുണ്ടറയിൽ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് ആവേശങ്ങൾക്ക് കുറവില്ല. സ്ഥാനാർത്ഥി ജെ. മേഴ്സിക്കുട്ടിഅമ്മയുടെ സ്വീകരണ പരിപാടികൾ ഓരോയിടങ്ങളിലും വോട്ടർമാരുടെ പങ്കാളിത്തത്താൽ ഉത്സവസമാനമാവുകയാണ്.

പുഷ്പഹാരങ്ങളും പൂച്ചെണ്ടുകളുമായി വീട്ടമ്മമാരും കുട്ടികളും യുവാക്കളുമൊക്കെ മേഴ്സിക്കുട്ടിഅമ്മയെ വഴിയോരങ്ങളിൽ കാത്തുനിൽപ്പുണ്ടായിരുന്നു. നിശ്ചയിച്ച സ്വീകരണ കേന്ദ്രങ്ങളിൽ മാത്രമല്ല, വഴിയോരത്ത് കാത്തുനിൽക്കുന്നവർക്ക് ഇടയിലേക്കും ചെന്നെത്താൻ സ്ഥാനാർത്ഥി വലിയ താത്പര്യമാണ് കാട്ടിയത്. അടുക്കും ചിട്ടയുമുള്ള ക്രമീകരണങ്ങൾ പലപ്പോഴും താളംതെറ്റുന്നതും കണക്കിലില്ലാത്ത സ്വീകരണങ്ങളിൽ പങ്കെടുക്കേണ്ടി വരുമ്പോഴാണ്.

മൈലാപ്പൂര് സിഡ്കോ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ തൊഴിലാളികളുമായി ഒത്തിരിനേരം വർത്തമാനം പറയാനും മേഴ്സിക്കുട്ടിഅമ്മ സമയം കണ്ടെത്തി. തുടർന്ന് മരുതൂർ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിലും പങ്കെടുത്തു. കർമ്മലപള്ളിയിൽ നിന്ന് ആരംഭിച്ച പര്യടനം രാത്രിയോടെ കുന്നുവിളയിൽ അവസാനിച്ചു.

തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡന്റ് ജലജകുമാരി, സി.പി.എം ജില്ലാ കമ്മിറ്റി അംഗം സുഗതൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി രാധാകൃഷ്ണപിള്ള, എൻ.സി പിള്ള, ഏരിയാ കമ്മിറ്റി അംഗം എം. എബ്രാഹിംകുട്ടി, പഞ്ചായത്ത് എൽ.ഡി.എഫ് കൺവീനർ ടി. വിജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യശോദ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.