കൊല്ലം: എഴുകോണിന്റെ മനസ് ഇടതിനൊപ്പമെന്ന് ഉറപ്പിക്കുന്നതായിരുന്നു ഇന്നലെ ഇടത് മുന്നണി സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിന്റെ സ്വീകരണ പരിപാടികൾ. ഈലിയോട് നിന്ന് സ്വീകരണ പരിപാടികൾ തുടങ്ങുമ്പോൾത്തന്നെ വലിയ ആൾക്കൂട്ടമുണ്ടായിരുന്നു. ജനതാദൾ സംസ്ഥാന കമ്മിറ്റിയംഗം സി.ആർ. രാമവർമ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഇവിടെ നിന്ന് അടുത്ത കേന്ദ്രത്തിലേക്ക് പുറപ്പെട്ടത്. വിഷുക്കാലത്തിന്റെ സന്ദേശമറിയിച്ച് കണിക്കൊന്ന പൂക്കളുമായിട്ടാണ് മുത്തശിമാരടക്കം കാത്തുനിന്നിരുന്നത്. കുട്ടികളും സ്ത്രീകളുമടക്കം പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു സ്വീകരണ കേന്ദ്രങ്ങൾ. ചെണ്ടക്കാരുടെ താളവും നാസിക് ഡോളിന്റെ മുഴക്കവുമൊക്കെ പ്രവർത്തകർക്ക് ആവശേമേറ്റി. സ്ഥാനാർത്ഥി വാഹനത്തിൽ നിന്ന് ഇറങ്ങുമ്പോൾത്തന്നെ മാലപ്പടക്കത്തിന് തീപിടിക്കും. ചിലയിടത്ത് കതിനകൾതന്നെ പൊട്ടി. ശബ്ദകോലാഹലങ്ങൾക്കിടയിലാണ് സ്വീകരണം. നാട്ടുപൂക്കൾകൊണ്ട് കെട്ടിയെടുത്ത മാലകൾ കഴുത്തിലണിയിച്ചും കണിക്കൊന്നപ്പൂക്കൾ കൈമാറിയും പുഷ്പങ്ങളെറിഞ്ഞുമൊക്കെയായിരുന്നു വരവേൽപ്. വയോജനങ്ങൾ ബാലഗോപാലിന്റെ നെറുകയിൽ കൈവച്ച് അനുഗ്രഹിച്ചു. പരുത്തുംപാറ, നെടുമ്പായിക്കുളം കാഷ്യു കോർപ്പറേഷൻ ഫാക്ടറികളിലും വാറൂർ കാഷ്യു ഫാക്ടറിയിലും കശുഅണ്ടി തൊഴിലാളികൾ ആവേശകരമായ സ്വീകരണം നൽകി.
വെയിലും മഴയും കാര്യമാക്കാതെ
മീനച്ചൂടിന്റെ കാഠിന്യവും വൈകിട്ടത്തെ ഇടിയോടുകൂടിയ മഴയുമൊന്നും ആവേശത്തിന്റെ മാറ്റ് കുറച്ചില്ല. രാത്രി വൈകിയും പ്രിയ സ്ഥാനാർഥിയെ സ്വീകരിക്കാൻ ജനങ്ങൾ ക്ഷമയോടെ കാത്തുനിൽക്കുകയായിരുന്നു. പ്ലാക്കാട് യവനിക ഗ്രൗണ്ടിലാണ് സ്വീകരണ പരിപാടി സമാപിച്ചത്. ഓരോ കേന്ദ്രങ്ങളിലും സ്വീകരണങ്ങൾക്ക് സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാൽ നന്ദി പറഞ്ഞു. പി.ഐഷാപോറ്റി,പി.എ. എബ്രഹാം, പി. തങ്കപ്പൻ പിള്ള, ആർ. മുരളീധരൻ, ആർ. ഗോപുകൃഷ്ണൻ, കെ. ഓമനക്കുട്ടൻ, എസ്.ആർ. അരുൺബാബു, എ.അഭിലാഷ്, ചക്കുവരയ്ക്കൽ ചന്ദ്രൻ, എം.പി. മനേക്ഷാ, വി.എസ്.സോമരാജൻ, വി.സുമലാൽ, എം.ശിവപ്രസാദ്, എസ്.കൃഷ്ണകുമാർ, എൻ.പങ്കജരാജൻ, മീര.എസ്.മോഹൻ, ജി. രഞ്ജിത്, ബിനു അമ്പലപ്പുറം, അനിൽകുമാർ, മിനി അനിൽ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
ഇന്ന് കരീപ്രയിൽ
കെ.എൻ.ബാലഗോപാലിന് ഇന്ന് കരീപ്ര ഗ്രാമപഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. രാവിലെ ഏഴിന് കടയ്ക്കോട് നിന്നാണ് സ്വീകരണം തുടങ്ങുക.