കുണ്ടറ: മുതിർന്നവരും സ്ത്രീകളും അടക്കം നൂറുകണക്കിന് പേരുടെ സ്നേഹോഷ്മളമായ ആശീർവാദത്തോടെ കുണ്ടറ നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി വനജ വിദ്യാധരന്റെ സ്വീകരണ പരിപാടികൾക്ക് തുടക്കമായി. കൊറ്റങ്കര പഞ്ചായത്തിലെ കോവിൽമുക്കിൽ നിന്ന് ആരംഭിച്ച സ്വീകരണ പര്യടനം കേരളപുരം, നെടിയവിള, മുണ്ടൻചിറ, മത്തങ്ങാമുക്ക്, ചന്ദനത്തോപ്പ് തുടങ്ങിയ കേന്ദ്രങ്ങളിൽ എത്തിയപ്പോൾ പുഷ്പചക്രം നൽകിയായിരുന്നു ജനങ്ങൾ വരവേറ്റത്.
സ്വീകരണങ്ങൾക്ക് മുന്നോടിയായി മൈലാപ്പൂർ കാഷ്യൂ ഫാക്ടറിയിലെത്തി തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് പടപ്പക്കര ക്രൈസ്തവ ദേവാലയത്തിലെത്തിയ സ്ഥാനാർത്ഥിയെ പള്ളി വികാരി കുരുത്തോല നൽകി വരവേറ്റു. എൻ.ഡി.എ നേതാക്കളായ ഇടവട്ടം വിനോദ്, കൊറ്റങ്കര സന്തോഷ്, ദേവരാജൻ, ഏരൂർ സുനിൽ, മുരുകൻ, ജയഗീത, പെരുമ്പുഴ സന്തോഷ്, പ്രിൻസ് കോക്കാട്, രവീന്ദ്രൻപിള്ള, തുളസീധരൻപിള്ള, മോനിഷ തുടങ്ങിയവർ സ്വീകരണ യോഗങ്ങളിൽ സംസാരിച്ചു.