
ഓയൂർ: സ്കൂട്ടറിന് പിന്നിൽ പിക്കപ്പ് വാൻ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മീയ്യണ്ണൂർ അസീസിയ മെഡിക്കൽ കോളജിലെ ജീവനക്കാരി വർക്കല തച്ചോട് ശ്രുതി നിവാസിൽ ബി.എസ്. ഷാജിയുടെ ഭാര്യ സുനിത ഷാജിയാണ് (51) മരിച്ചത്.
26ന് രാവിലെ 6ന് ചാത്തന്നൂർ ഊറാം വിള കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപമായിരുന്നു അപകടം. വർക്കലയിൽ നിന്ന് മീയ്യണ്ണൂരിലേക്ക് വരികയായിരുന്ന സുനിതയുടെ സ്കൂട്ടറിന് പിന്നിൽ മീൻ കയറ്റിവന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ സുനിത തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 6 ഓടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വർക്കലയിലെ വസതിയിൽ പൊതുദർശനത്തിന് ശേഷം വെളിയത്തെ കുടുംബ വീടായ ഗീതാസദനത്തിൽ നടക്കും.