c
കൊല്ലം എസ്.എൻ വനിതാ കോളേജിന് മുന്നിൽ സ്ഥാപിച്ച ഗുരുദേവ വിഗ്രഹത്തിന് മുന്നിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശനും പുഷ്പാർച്ചന നടത്തുന്നു

കൊല്ലം എസ്.എൻ വനിതാ കോളേജിന്റെ പൂമുഖത്ത് പഞ്ചലോഹ ഗുരുദേവ വിഗ്രഹം സമർപ്പിച്ചു

കൊല്ലം: സംസ്ഥാനത്ത് മാറിവരുന്ന സർക്കാരുകൾ വിദ്യാഭ്യാസ മേഖലയിൽ സമുദായത്തെ അവഗണിക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കൊല്ലം എസ്.എൻ വനിതാ കോളേജിന്റെ പൂമുഖത്ത് സ്ഥാപിച്ച ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹത്തിന്റെ സമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറം, കാസർകോട്, എറണാകുളം, കോട്ടയം, വയനാട് എന്നീ ജില്ലകളിൽ നമുക്ക് എയ്ഡഡ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. മറ്റുള്ളവർക്ക് കൊടുക്കുമ്പോൾ നമ്മെ നോക്കുകുത്തിയായി ഇരുത്താനാണ് കാലാകാലങ്ങളിൽ വന്ന സർക്കാരുകൾ ശ്രമിച്ചത്. പുതിയ കോഴ്സുകളും അനുവദിക്കുന്നില്ല. കാരണം ചോദിക്കുമ്പോൾ ഗ്രേഡില്ലെന്നാണ് പറയുന്നത്. ഇതിന്റെ കാരണക്കാർ അധികൃതർ തന്നെയാണ്. വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന ഗുരുസന്ദേശം പ്രാവർത്തികമാക്കാൻ ആർ. ശങ്കർ ശ്രമിച്ചതിന്റെ ഭാഗമായാണ് അടുത്തടുത്ത് രണ്ട് കോളേജുകൾ ഉയർന്നത്. അതുകൊണ്ടാണ് പിന്നാക്കക്കാർക്ക് ഉന്നതവിദ്യാഭ്യാസം നേടാനായത്. ആർ. ശങ്കറിനുശേഷം നമുക്ക് എന്തുകിട്ടിയെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു.

ഗുരുദേവ കൃതികളായ ദൈവദശകം, ഗദ്യപ്രാർത്ഥന, എസ്.എൻ കോളേജിന്റെ ചരിത്രം എന്നിവ ആലേഖനം ചെയ്ത ഫലകങ്ങൾ വെള്ളാപ്പള്ളി നടേശനും എസ്.എൻ ട്രസ്റ്റ് ബോർഡംഗം പ്രീതി നടേശനും ചേർന്ന് അനാച്ഛാദനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ നിഷ ജെ. തറയിൽ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ, എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗങ്ങളായ മോഹൻ ശങ്കർ, എൻ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.

പാഠ്യപാഠ്യേതര രംഗങ്ങളിൽ മികവ് തെളിയിച്ച കോളേജിലെ വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ പ്രീതി നടേശൻ സമ്മാനിച്ചു. ഗുരുമന്ദിരം രൂപകല്പന ചെയ്ത ആർക്കിടെക്ട് വി.ആർ. ബാബുരാജിനെ ചടങ്ങിൽ ആദരിച്ചു. കോളേജ് പി.ടി.എ സെക്രട്ടറി ഡോ. വി. നിഷ സ്വാഗതവും സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ഡോ. വി.വി. രേഖ നന്ദിയും പറഞ്ഞു.