
പൊലീസിലെ ക്രിമിനലുകളുടെ പട്ടിക പ്രസിദ്ധപ്പെടുത്തണമെന്നും അത്തരം വിവരങ്ങൾ അറിയാനുള്ള അവകാശം നിഷേധിക്കാൻ പാടില്ലെന്നുമുള്ള ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് കാക്കിയുടെ ബലത്തിലും തണലിലും സുരക്ഷിതരായി കഴിയുന്ന ക്രിമിനലുകളുടെ പട്ടിക വരും ദിവസങ്ങളിൽ പുറത്തു വരുമോയെന്ന് കാത്തിരിക്കുകയാണ് കേരളം
തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിൽ 1500 ലധികം ക്രിമിനൽ കേസ് പ്രതികൾ ഉൾപ്പെട്ടിരിക്കെ അവരുടെ വിവരങ്ങൾ പുറത്തു വിടാത്തതിനും നടപടിയെടുക്കാത്തതിനുമെതിരെ ഒടുവിൽ ഹൈക്കോടതിയും ഇടപെട്ടു. വിവരാവകാശ നിയമ പ്രകാരം പൊലീസിലെ ക്രിമിനലുകളുടെ പട്ടിക ആവശ്യപ്പെട്ട് ഡൽഹിയിൽ നിന്നുള്ള രാധാകൃഷ്ണനെന്ന മാദ്ധ്യമ പ്രവർത്തകൻ പൊലീസ് ആസ്ഥാനത്തും വിവരാവകാശകമ്മിഷണർക്കും നൽകിയ അപേക്ഷയിൽ കൃത്യമായ മറുപടി ലഭ്യമാക്കാതെ സംസ്ഥാന ക്രൈംറിക്കോർഡ് ബ്യൂറോയിലെ പബ്ളിക്ക് ഇൻഫർമേഷൻ ഓഫീസർ ഹൈക്കോടതിയെ സമീപിച്ചതാണ് കോടതി ഇടപെടലിന് കാരണമായത്.
ഗുരുതര കുറ്റങ്ങൾ ചെയ്ത 59ലേറെ പേർ
സംസ്ഥാന പൊലീസിൽ അഴിമതി, മറ്റ് ഗുരുതര കുറ്റകൃത്യങ്ങൾ എന്നിവയിലുൾപ്പെട്ട 59 ഓളം പേരുണ്ടെന്ന് വിവരാവകാശ അപേക്ഷയിൽ മറുപടി നൽകിയെങ്കിലും അവരുടെ പേര് വിവരങ്ങളും കേസുകളുടെ വിശദാംശങ്ങളും വെളിപ്പെടുത്താതിരുന്നതിനെതിരെയാണ് രാധാകൃഷ്ണൻ അപ്പീലുമായി വിവരാവകാശകമ്മിഷണറെ സമീപിച്ചത്. അപ്പീലിൽ വിവരാവകാശ കമ്മിഷൻ കൃത്യമായ വിവരങ്ങൾ ആവശ്യപ്പെട്ടതിനെതിരെയാണ് സ്റ്റേറ്റ് ക്രൈംറിക്കോർഡ് ബ്യൂറോയിൽ നിന്ന് ഹൈക്കോടതിയെ സമീപിക്കാൻ ഇടയായത്.
ക്രിമിനലുകളുടെ പട്ടിക പ്രസിദ്ധപ്പെടുത്തണമെന്നും അത്തരം വിവരങ്ങൾ അറിയാനുള്ള അവകാശം നിഷേധിക്കാൻ പാടില്ലെന്നും ഹൈക്കോടതി നിർദ്ദേശിക്കുകയും ചെയ്തു. ഹൈക്കോടതി ഇടപെടലിന്റെ അടിസ്ഥാനത്തിൽ കാക്കിയുടെ ബലത്തിലും തണലിലും സുരക്ഷിതരായി കഴിയുന്ന ക്രിമിനലുകളുടെ പട്ടിക വരും ദിവസങ്ങളിൽ പുറത്തു വരുമോയെന്ന് കാത്തിരിക്കുകയാണ് കേരളം.
ശമ്പളവും സ്പെഷ്യൽ അലവൻസും വാങ്ങി വിലസുന്നു
കൈക്കൂലി, ലോക്കപ്പ് മർദ്ദനം, അടിപിടി, വധശ്രമം, മോഷണം തുടങ്ങി ഗുരുതരമായ കേസുകളിൽ പ്രതികളായി വിചാരണയും ശിക്ഷാനടപടികളും നേരിട്ട നിരവധി പൊലീസുകാരാണ് ഇപ്പോഴും ശമ്പളവും സസ്പെൻഷൻ അലവൻസും വാങ്ങി വിലസുന്നത്. എസ്.ഐയായിരിക്കെ കഴക്കൂട്ടത്ത് കൈക്കൂലിക്കേസിൽ പിടിയിലായ ഷിബുകുമാർ സി.ഐയായപ്പോൾ വീണ്ടും കോട്ടയത്ത് കൈക്കൂലിവാങ്ങുന്നതിനിടെ പിടിക്കപ്പെട്ടതുൾപ്പെടെയുള്ള സംഭവങ്ങൾ വീണ്ടും ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
ഉന്നതരും സർക്കാരും ചൂട്ടുപിടിക്കുന്നു
സേനയ്ക്ക് പേരുദോഷമുണ്ടാക്കുന്ന ഇത്തരക്കാർക്ക് പൊലീസ് ഉന്നതരും സർക്കാരുമാണ് ചൂട്ടുപിടിക്കുന്നത്. എന്ത് ക്രിമിനൽ പ്രവൃത്തികൾ ചെയ്താലും വകുപ്പ് മേധാവികളുടെയും രാഷ്ട്രീയക്കാരുടെയും സംരക്ഷണം ലഭിക്കുമെന്ന ഉറപ്പാണ് വീണ്ടും വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യാൻ ഇവർക്ക് പ്രേരണയാകുന്നത്. ഫോർട്ട് ഉരുട്ടിക്കൊലക്കേസിൽ പ്രതികളായ പൊലീസുകാരെ ശിക്ഷിക്കപ്പെടും വരെ സേന സംരക്ഷിച്ചതുകൊണ്ടാണ് വരാപ്പുഴ കസ്റ്റഡി മരണമുൾപ്പെടെയുള്ള ക്രൂരകൃത്യങ്ങൾ വീണ്ടും അരങ്ങേറിയത്.
1546 ക്രിമിനൽ കേസ് പ്രതികൾ
ചെറുതുംവലുതുമായ കുറ്റകൃത്യങ്ങളിലുൾപ്പെട്ട 1546 ക്രിമിനൽകേസ് പ്രതികളാണ് പൊലീസ് സേനയിലുള്ളത്. കൊലപാതക ശ്രമമുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിലുൾപെട്ട 10 ഡിവൈ.എസ്.പിമാരും 46 സി.ഐമാരും പട്ടികയിലുണ്ട്. എസ്.ഐ, എ.എസ്.ഐ റാങ്കിലുള്ളവർ 230. ഏറ്റവുമധികം തിരുവനന്തപുരത്ത് ജോലി ചെയ്യുന്നവർ- 215. കൊലപാതകശ്രമം, സ്ത്രീധന പീഡനം, കൈക്കൂലി, പരാതിക്കാരെ ഉപദ്രവിക്കൽ, കസ്റ്റഡി മർദ്ദനം തുടങ്ങിയ കേസുകളിലുൾപെട്ടവരാണ് ഇവർ.
നടപടിയില്ല
ഏഴുവർഷം മുമ്പ് ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് ക്രിമിനൽ വാസനയുള്ള പൊലീസുകാരുടെ പട്ടിക ആഭ്യന്തര വകുപ്പ് തയ്യാറാക്കിയത്. ഇതിനായി എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അദ്ധ്യക്ഷനാക്കി കമ്മിറ്റി രൂപീകരിച്ചു.
എ,ബി,സി,ഡി എന്നിങ്ങനെ നാല് കാറ്റഗറികളായി തിരിച്ച് കുറ്റകൃത്യത്തിന്റെ ഗൗരവമനുസരിച്ച് ഇവർക്കെതിരെ ശിക്ഷണ - അച്ചടക്ക നടപടികൾ കൈക്കൊള്ളാനായിരുന്നു തീരുമാനം. എന്നാൽ, കാര്യമായ തുടർ നടപടി ഉണ്ടായില്ല.
നടപടി പത്തിൽ താഴെ
പട്ടികയിൽ ഉള്ളവരിൽ 59പേർ ഗുരുതര കുറ്റകൃത്യങ്ങളിലുൾപ്പെട്ടവരാണെന്ന് കണ്ടെത്തിയെങ്കിലും ഇതിൽ പത്തിൽ താഴെ പേർക്കെതിരെ മാത്രമാണ് നടപടിയുണ്ടായത്. മറ്റുള്ളവർക്കെതിരെ നിയമോപദേശം തേടലും നടപടികളും തുടർന്ന് വരികയാണെന്നാണ് പൊലീസ് ആസ്ഥാനത്ത് നിന്നുള്ള വിശദീകരണം. അതേസമയം, കുറ്രവാളികളായ പൊലീസുകാരുടെ രാഷ്ട്രീയ-ഭരണ സ്വാധീനമാണ് നടപടികൾ ഒച്ചുതോൽക്കും വേഗത്തിൽ ഇഴയാൻ കാരണമെന്നാണ് ആക്ഷേപം.
കുടുംബാംഗങ്ങളുമായുള്ള വസ്തുതർക്കത്തിൽ പരാതിക്കാരിയായ യുവതിയെ നീതി ലഭ്യമാക്കാമെന്ന് ഉറപ്പ് നൽകി ക്വാർട്ടേഴ്സിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥനും വധശ്രമക്കേസിൽ പ്രതികളായ എസ്.പിയും ഡിവൈ.എസ്.പിയുംവരെ പട്ടികയിലുണ്ട്.
ലോക്കപ്പ് മർദ്ദനത്തിന്റെ പേരിൽ ഒന്നര വർഷത്തിനിടെ പത്ത് പൊലീസുകാർക്കെതിരെയാണ് കേസെടുത്തത്.
പൊലീസ് പൊതുജനങ്ങളെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് രണ്ടു വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 26 കേസുകൾ.
ഈ സർക്കാർ വന്നശേഷം സ്വഭാവദൂഷ്യത്തിനും അഴിമതിക്കുമായി 485 പേർക്കെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നു.
ഇവരിൽ പലർക്കും ക്രമസമാധാന പാലനമോ പ്രധാന പദവികളോ നൽകാൻ പാടില്ലെന്ന് ഇന്റലിജൻസ് മുന്നറിയിപ്പുണ്ടെങ്കിലും മിക്കവരും താക്കോൽ സ്ഥാനങ്ങളിൽ എത്തിയെന്ന ആക്ഷേപമുണ്ട്.
എണ്ണം കൂടുതൽ തലസ്ഥാനത്ത്
ഗുരുതര കുറ്റകൃത്യം ചെയ്തത് 59 പേർ
ലോക്കപ്പ് മർദ്ദനം- ഒന്നരവർഷം 10 കേസുകൾ
നടപടി സ്വീകരിക്കുന്നു
പട്ടിക പ്രകാരം നടപടികൾ സ്വീകരിച്ച് വരികയാണ്. പട്ടികയിലുൾപ്പെട്ടിട്ടുണ്ടെന്ന് കരുതി അവരെ സേനയ്ക്ക് പുറത്താക്കാൻ കഴിയില്ല. കുറ്റം കോടതി മുമ്പാകെ തെളിയിക്കപ്പെട്ടാൽ കർശന നടപടിയുണ്ടാകും. - എ.ഡി.ജി.പി , ഹെഡ് ക്വാർട്ടേഴ്സ്