
കൊല്ലം: നാടൻ തോട്ടണ്ടി സഹകരണ സംഘങ്ങൾ വഴി സംഭരിക്കുമെന്ന് കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹനും കാപ്പെക്‌സ് ചെയർമാൻ പി.ആർ. വസന്തനും അറിയിച്ചു. കണ്ണൂർ, കാസർകോട് ഉൾപ്പെടെയുള്ള ജില്ലകളിൽ കർഷകർക്ക് സർക്കാർ നിശ്ചയിച്ച വില ലഭിക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ് മുൻകാലങ്ങളിലെപ്പോലെ തോട്ടണ്ടി സംഭരിക്കുന്നത്. സർക്കാർ നിശ്ചയിച്ച 90 രൂപ നൽകിയാണ് നാടൻ തോട്ടണ്ടി സംഭരിക്കുന്നത്.
സഹകരണ സംഘങ്ങൾ സംഭരിക്കുന്ന തോട്ടണ്ടി ഗുണനിലവാരം പരിശോധിച്ചാണ് എടുക്കുന്നത്. തോട്ടണ്ടി എടുക്കാൻ തയ്യാറുള്ള സഹകരണ സംഘങ്ങൾ കോർപ്പറേഷനെ മുൻകൂട്ടി അറിയിക്കണം. നാടൻ തോട്ടണ്ടിയുടെ ഉത്പാദനം കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ മൂന്നിരട്ടിയായി വർദ്ധിച്ചിട്ടുണ്ട്. കർഷകർക്ക് ന്യായവില ലഭ്യമാക്കാനായാണ് കാഷ്യൂ കോർപ്പറേഷനും കാപെക്‌സും മുൻകൈയെടുത്ത് നാടൻ തോട്ടണ്ടി സമാഹരിക്കുന്നതെന്നും ഇരുവരും അറിയിച്ചു.