കൊല്ലം: കവലകളും നിരത്തുകളും കീഴടക്കി ഫ്ളാഷ് മോബ്, കലാജാഥ, ബൈക്ക് റാലി, പൊതുയോഗങ്ങൾ, കൺവെൻഷനുകൾ മുതലായവയുമായി സജീവമാകുകയാണ് മുന്നണികളും സ്ഥാനാർത്ഥികളും. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ വ്യത്യസ്തങ്ങളായ പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി ജനമനസ് കീഴടക്കാനുള്ള മത്സരത്തിലാണ് പ്രവർത്തകർ.
ഓലക്കിരീടവും കൊന്നപ്പൂമണി മാലയും ചിഹ്നങ്ങളുടെ മാതൃകയും ഛായാചിത്രവുമൊക്കെയായി സ്ഥാനാർത്ഥികളും സ്വീകരണ പര്യടനങ്ങളിൽ തിരക്കിലാണ്. വിവിധകേന്ദ്രങ്ങളിൽ രാവിലെ ആരംഭിക്കുന്ന പരിപാടികളിലധികവും വാഹന ജാഥയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ്.
കൊല്ലത്ത് സഹോദരൻ സഹോദരി
വിജയം കൈപ്പിടിയിലാക്കാനുള്ള പോരാട്ടത്തിൽ കൊല്ലം മണ്ഡലത്തിൽ സജീവമാണ് മൂന്ന് മുന്നണികളും. എങ്കിലും കൗതുകമുണർത്തും വിധമാണ് യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ ആരോപണ പ്രത്യാരോപണങ്ങൾ. 'എന്റെ ഒരു സഹോദരി' എന്ന അഭിസംബോധനയോടെയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. മുകേഷ് എതിരാളിയായ യു.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദുകൃഷ്ണയെ നേരിടുന്നത്. എന്നാൽപിന്നെ വിട്ടുകൊടുക്കാൻ പറ്റില്ലല്ലോ, 'എന്റെ സഹോദരൻ ശ്രീ മുകേഷ്' എന്ന വിശേഷണത്തോടെ ബിന്ദുകൃഷ്ണയുടെ മറുപടിയും. സ്ഥാനാർത്ഥികളെ ആരെയും നോവിക്കാതെ കേന്ദ്രസർക്കാർ പദ്ധതികൾ ചൂണ്ടിക്കാട്ടിയും സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ചുമാണ് എൻ.ഡി.എ സ്ഥാനാർത്ഥി എം. സുനിലിന്റെ പ്രചാരണം.
ഇരവിപുരത്ത് കൺകെട്ട് വിദ്യ
മുന്നണികൾ പരസ്പരം കടന്നാക്രമിച്ചാണ് ഇരവിപുരത്തെ തിരഞ്ഞെടുപ്പ് പ്രചാരണം. ത്രികോണമത്സരം നടക്കുന്ന മണ്ഡലം കൂടിയാണ് ഇരവിപുരം. 'വോട്ടൊന്നു നൽകൂ, വളരട്ടെ ഇരവിപുരം' എന്നാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. നൗഷാദിന്റെ പ്രചാരണ വാക്ക്. 'കൺകെട്ട് വിദ്യയും വായാടിത്തരവുമല്ല വികസനം' എന്ന എതിർപ്രചാരണവുമായാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ബാബു ദിവാകരൻ സാന്നിദ്ധ്യമറിയിക്കുന്നത്. നവമാദ്ധ്യമങ്ങളിലൂടെ ഈ വാക്കുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനവും സജീവമാണ്. നാട്ടുകാരെ പറ്റിക്കുന്ന പരിപാടിയുമായി ഇരുകൂട്ടരും വീണ്ടും ഇറങ്ങിയിരിക്കുകയായെന്ന ആരോപണവുമായാണ് എൻ.ഡി.എ സ്ഥാനാർത്ഥി രഞ്ജിത്ത് രവീന്ദ്രന്റെ പ്രചാരണം.