c
കൊല്ലം ക്യു.എ.സി മൈതാനത്ത് യു.ഡി.എഫ് പൊതുസമ്മേളനത്തിനെത്തിയ എ.ഐ.സി.സി സെക്രട്ടറി പ്രിയങ്ക ഗാന്ധി പാർട്ടി പ്രവർത്തകർ സമ്മാനമായി കൊണ്ടുവന്ന ആനയുടെ രൂപം ശ്രദ്ധിക്കുന്നു

കൊല്ലം: കൊല്ലത്തെ പ്രചാരണ വേദികളിലേക്കുള്ള പ്രിയങ്ക ഗാന്ധിയുടെ വരവ് പ്രവർത്തകരിലേക്ക് സമ്മാനിച്ചത് ആവേശത്തിന്റെ കൊടുമുടി. എല്ലാവരെയും തൊഴുത്,​ കൈവീശി,​ നിഷ്‌കളങ്കമായ പുഞ്ചിരി സമ്മാനിച്ച ഇന്ധിരാഗാന്ധിയുടെ കൊച്ചുമകളെ 'പ്രിയങ്കരീ' എന്ന വിളിയോടെയാണ് ജനക്കൂട്ടം സ്വീകരിച്ചത്. വിളികേട്ട് പ്രിയങ്ക ഒന്നുകൂടി പുഞ്ചിരിച്ചതോടെ സദസിലുള്ളവരുടെയും പ്രവർത്തകരുടെയും ആവേശം നിലയ്ക്കാത്ത കരഘോഷമായി.

'എനിക്ക് കേരളക്കാരെ ഒത്തിരി ഇഷ്ടമാണ്" എന്നുപറഞ്ഞാണ് പ്രിയങ്ക പ്രസംഗം ആരംഭിച്ചത്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് നേരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിക്കാൻ ആരംഭിച്ചതോടെ പ്രസന്നത നിറഞ്ഞ മുഖം ഗാംഭീര്യത്തിന് വഴിമാറി. സാക്ഷാൽ ഇന്ദിരാഗാന്ധിയെ അനുസ്മരിപ്പിക്കുന്ന ഭാവമാറ്റം കണ്ട നേതാക്കളെല്ലാം ജൂനിയർ ഇന്ദിരയെന്ന വിശേഷണത്തോടെയാണ് തങ്ങളുടെ പ്രസംഗങ്ങളിൽ പ്രിയങ്കയെ അഭിവാദ്യം ചെയ്തത്.

ജ്യോതി വിജയകുമാറായിരുന്നു പരിഭാഷക. തന്റെ അതേ വൈകാരികതയോടെ ജ്യോതിയും കത്തിക്കയറുന്നത് ഇഷ്ടത്തോടെ പ്രിയങ്ക നോക്കിനിന്നു. ആയിരക്കണക്കിന് ആളുകളാണ് ഓരോ കേന്ദ്രങ്ങളിലും പ്രിയങ്കയെ കാത്തുനിന്നത്. അവസാനനിരയിൽ നിന്നവരെയുൾപ്പെടെ കൈവീശി കാണിച്ചതിന് ശേഷം കൊല്ലത്തെ സമ്മേളനവേദിയിൽ നിന്ന് അതിവേഗം ആശ്രാമത്തെ ഹെലിപാഡിലേക്ക്. അവിടെ നിന്ന് കൊട്ടാരക്കരയിലേക്കും പിന്നീട് തിരുവനന്തപുരത്തേക്കും പ്രിയങ്ക പറന്നു.

വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ വീതം

സമ്മേളനവേദികളിൽ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു പ്രിയങ്കയുടെ വാക്കുകളിൽ ഏറെയും. 'ഹത്രസ് സംഭവത്തിന് സമാനമാണ് വാളയാറിലെ അമ്മയുടെ സ്ഥിതി. കേരളത്തിലെ വീട്ടമ്മമാരെ എനിക്ക് നന്നായി അറിയാം. അവർ വീടിന് വേണ്ടി ജീവിക്കുന്നു. ഞാനും ഒരമ്മയാണ്. എനിക്കവരെ നന്നായി മനസിലാവും. വീട്ടിൽ ജോലി ചെയ്യുന്ന വനിതകളെ ഞങ്ങൾ അംഗീകരിക്കാൻ പോകുന്നു. യു.ഡി.എഫ് അധികാരത്തിലെത്തുമ്പോൾ 40നും 60നുമിടയിൽ പ്രായമുള്ള എല്ലാം വീട്ടമ്മമാർക്കും പ്രതിമാസം 2000 രൂപ വീതം നൽകും. ന്യായ് പദ്ധതി പ്രകാരമുള്ള 72,000 രൂപയ്ക്ക് പുറമെയാണിത്". നിറഞ്ഞ കൈയടിയോടെയാണ് സദസിലുണ്ടായിരുന്ന സ്ത്രീകൾ പ്രിയങ്കയുടെ വാക്കുകൾ സ്വീകരിച്ചത്.