കൊല്ലം: ഇടത് മുന്നണി സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിന് കരീപ്ര പഞ്ചായത്തിന്റെ വിവിധ കോണുകളിൽ നൽകിയ സ്വീകരണം ഉത്സവ സമാനമായിരുന്നു. നൃത്തമാടുന്ന തെയ്യങ്ങൾ, ചെണ്ടത്താളത്തിനൊത്ത് കൈയ്യടിച്ച് ചേർന്ന ചെറുപ്പക്കാർ, ബാലസംഘത്തിന്റെ തെരുവ് നാടകം,​ സെറ്റുസാരിയുടുത്ത മഹിളാരത്നങ്ങൾ, കണിക്കൊന്ന പൂവുകളുമായി കാത്തുനിൽക്കുന്ന കുട്ടിക്കൂട്ടുകാർ. അങ്ങിനെ സുന്ദരകാഴ്ചകൾ ഒരുപാട്. രാവിലെ കടയ്‌ക്കോട് നിന്നാണ് സ്വീകരണ പരിപാടി ആരംഭിച്ചത്. പി.ഐഷാപോറ്റി ഉദ്ഘാടനം ചെയ്തു. മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ചതാണ് സ്വീകരണ കേന്ദ്രങ്ങളെങ്കിലും വഴിയോരങ്ങളിലെല്ലാം അധിക സ്വീകരണങ്ങളും ലഭിച്ചു. കരീപ്ര ശരണാലയത്തിലെ അച്ഛനമ്മമാർ കെട്ടിയ മാലകളുമായെത്തി സ്വീകരിച്ചതും മറ്റൊരു അനുഭവമായി. പുനലൂർ എസ്.എൻ കോളേജിൽ ബാലഗോപാലിന്റെ അദ്ധ്യാപകനായിരുന്ന പ്രൊഫ.പി.സി. സലിം കുഴിമതിക്കാട് സ്വീകരണകേന്ദ്രത്തിലെത്തി ചുവപ്പ് ഹാരമണിയിച്ചു. ബാലസംഘം കൂട്ടുകാർ ഓരോ സ്വീകരണ കേന്ദ്രത്തിലും സർക്കാരിന്റെ വികസന നേട്ടങ്ങൾ വിശദീകരിക്കുന്ന തെരുവ് നാടകം അവതരിപ്പിക്കുന്നുണ്ടായിരുന്നു. ഇടത് മുന്നണി നേതാക്കളായ പി.എ എബ്രഹാം, പി.തങ്കപ്പൻ പിള്ള, ആർ.മുരളീധരൻ, ജി. ത്യാഗരാജൻ, ആർ.സത്യശീലൻ, എം.തങ്കപ്പൻ, എം.എസ് ശ്രീകുമാർ, എസ്.ആർ.അരുൺബാബു, എ.അഭിലാഷ്, എ.അജയഘോഷ്, എൻ.എസ്.സജീവ്, എ.സുരേന്ദ്രൻ, എൻ. നാഗേന്ദ്രൻ, എം. ശിവപ്രസാദ്, പി.എസ്. പ്രശോഭ,​ എസ്.ഓമനക്കുട്ടൻ പിള്ള,​ ബിനു എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.