പത്തനാപുരം: പത്തനാപുരം എം.എൽ.എയെ വികസനം ചർച്ച ചെയ്യാൻ വെല്ലുവിളിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാലയുടെ പര്യടനം. റോഡ് ഷോയായി നടന്ന സ്വീകരണ പര്യടനം രാവിലെ പള്ളിമുക്ക് ജംഗ്ഷനിൽ തുടങ്ങി കുരീപ്പള്ളി അമ്പലംമുക്ക്, കാരമൂട്, മലങ്കാവ് കണ്ടച്ചിറ തുടങ്ങി വിവിധ പ്രദശങ്ങളിലെ സ്വീകരണം ഏറ്റു വാങ്ങി ഉച്ചയോടെ ബാലവേദി ജംഗ്ഷനിൽ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ അവസാനിച്ചു. ഉച്ചക്ക് കൊട്ടാരക്കരയിൽ പ്രിയങ്ക ഗാന്ധി എത്തിയ യു.ഡി.എഫ് സമ്മേളനത്തിന് ശേഷം നെടുംപറമ്പ് എൽ.പി.എസ് സ്കൂളിൽ നിന്ന് ചാമക്കാലയുടെ സ്വീകരണ പര്യടനം വീണ്ടും തുടർന്നു. മുറുക്കൻകോവിൽ, ശാസ്താംകാവ് കോളനി, ഇടത്തറ എച്ച്എസ്, കുഴിക്കോട്, ഇടയൻചിറ, തേവലക്കര തുടങ്ങിയ പ്രദേശങ്ങൾ വഴി പര്യടനം മാങ്കോട് ജംഗ്ഷനിൽ അവസാനിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം സി.ആർ.നജീബ് സ്വീകരണ പര്യടനം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ രാധാമോഹനൻ, ഡി.സി.സി സെക്രട്ടറിമാരായ ബാബു മാത്യു, ഷെയ്ഖ് പരീദ്, പത്തനാപുരം മണ്ഡലം പ്രസിഡന്റ് ജെ.എൽ. നസീർ തുടങ്ങിയവർ ചാമക്കാലയെ അനുഗമിച്ചു.