photo
നെടുമ്പന പഞ്ചായത്തിൽ സ്വീകരണ പര്യടനത്തിനെത്തിയ ജെ. മേഴ്സിക്കുട്ടിഅമ്മയ്ക്ക് വീട്ടമ്മമാർ കണിക്കൊന്ന പൂക്കൾ സമ്മാനിക്കുന്നു

കുണ്ടറ: ഏറെനേരം കാത്തുനിന്നിട്ടും മുത്തശിമാർ മുഷിഞ്ഞില്ല, മുറുക്കാൻ ചവച്ചും വർത്തമാനം പറഞ്ഞും അവരങ്ങനെ കവലയിൽ നിന്നു. 'കൈനിറയെ പെൻഷൻ തന്ന സർക്കാരിന്റെ തുടർഭരണത്തിനല്ലേ, ഞങ്ങളുടെ പ്രിയപ്പെട്ട മേഴ്സിക്കുട്ടിഅമ്മയെ കാണാനല്ലേ ?' കൂട്ടത്തിലൊരു അമ്മാമ്മ പറഞ്ഞു. എല്ലാവരുടെയും കൈനിറയെ കൊന്നപ്പൂക്കളുണ്ട്. 'നന്മയുടെ കൊന്നപ്പൂക്കൾ തന്നെയാകട്ടെ ഈ വിഷുക്കാലത്ത് ഞങ്ങളുടെ സ്ഥാനാർത്ഥിക്കുള്ള സമ്മാനം.' ആ വാക്കുകളിൽ പ്രകടമാണ് അവർക്ക് മേഴ്സിക്കുട്ടിഅമ്മയോടുള്ള സ്നേഹം.

ഇന്നലെ നെടുമ്പന പഞ്ചായത്തിലെ സ്വീകരണ കേന്ദ്രങ്ങളൊക്കെ ഇത്തരത്തിൽ വയോജനങ്ങളുടെ നിറവായിരുന്നു. കുണ്ടറയിലെ ഇടത് മുന്നണി സ്ഥാനാർത്ഥിയായി ജെ. മേഴ്സിക്കുട്ടിഅമ്മ വീണ്ടും മത്സരിക്കാനിറങ്ങിയപ്പോഴേ അവരൊക്കെ പിന്തുണ പറഞ്ഞതുമാണ്. സർക്കാർ നടപ്പാക്കിയ ക്ഷേമ-വികസന പ്രവർത്തനങ്ങൾ തുടർഭരണത്തിനുള്ള സാദ്ധ്യതയായി ഏവരും വിലയിരുത്തുകയാണ്.

രാവിലെ എട്ട് മണിയോടെ സ്റ്റേഡിയം ജംഗ്ഷനിൽ നിന്നാണ് സ്വീകരണം തുടങ്ങിയത്. നൂറുകണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ സ്ഥാനാർത്ഥി ഓരോ കേന്ദ്രങ്ങളിലുമെത്തി. മുട്ടയ്ക്കാവ് സ്‌കൂളിനെ ഹൈടെക് ആക്കാൻ ഒരു കോടി രൂപ അനുവദിച്ചത്, നെടുമ്പന സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് മൂന്ന് കോടി രൂപ നൽകിയത്, ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിച്ചത്, പത്ത് കോടി രൂപ ഇളവൂർ പാലത്തിന് അനുവദിച്ചത് തുടങ്ങി നാട്ടിലെത്തിയ വികസനങ്ങളെല്ലാം ഇത്തിരിനേരത്തിൽ ഓർമ്മപ്പെടുത്താനും മേഴ്സിക്കുട്ടിഅമ്മ മറന്നില്ല.