ചാത്തന്നൂർ: പൂതക്കുളം ഗ്രാമത്തിന്റെ തുടിപ്പറിഞ്ഞ് എതിരാളികൾക്ക് നേരെ വിമർശനശരങ്ങൾ തൊടുത്ത യു.ഡി.എഫ് സ്ഥാനാർത്ഥി എൻ. പീതാംബരക്കുറുപ്പിന്റെ വാമൊഴിവഴക്കം യുവാക്കൾക്കുൾപ്പെടെ ഹരമായി. കാച്ചിക്കുറുക്കിയ വാക്കുകളാൽ പറയേണ്ടതെല്ലാം സരസമായി പറയുന്ന 'കുറുപ്പൻ ശൈലി'ക്ക് പ്രചാരണ കേന്ദ്രങ്ങളിൽ ആരാധകരേറുകയാണ്.
പൂതക്കുളം സഹകരണ ബാങ്ക് ജംഗ്ഷനിലെ സ്വീകരണത്തോടെയാണ് ഇന്നലത്തെ പര്യടനത്തിന് തുടക്കമായത്. ഫോർവേഡ് ബ്ലോക്ക് സംസ്ഥാന ജനറൽ സെക്രട്ടറി വി. റാംമോഹൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ നെടുങ്ങോലം രഘു മുഖ്യപ്രഭാഷണം നടത്തി. പൂതക്കുളം നോർത്ത് മണ്ഡലം പ്രസിഡന്റ് വരദരാജൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം എൻ. ജയചന്ദ്രൻ, സൗത്ത് മണ്ഡലം പ്രസിഡന്റ് നെല്ലേറ്റിൽ ബാബു, വി.കെ. സുനിൽകുമാർ, ബി. അനിൽകുമാർ, രാധാകൃഷ്ണപിള്ള, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ. സുനിൽകുമാർ, ഷൈജു ബാലചന്ദ്രൻ, മനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
മാവിള, വെട്ടുവിള, ഞാറോട്ട് കോളനി, പെരുംകുളം, കലയ്ക്കോട്, ചമ്പാൻചാൽ, പ്രിയദർശിനി ജംഗ്ഷൻ, നെല്ലേറ്റിൽ, പുന്നേക്കുളം, ചെമ്പകശേരി, ഊന്നിൻമൂട്, തലക്കുളം, ബ്ലാക്ക്മരം, പുത്തൻകുളം, ഈഴംവിള, അമ്മാരത്ത് മുക്ക്, കൂനംകുളം, മുക്കട എന്നിവിടങ്ങളിൽ നടന്ന സ്വീകരണ പരിപാടികൾ കോട്ടുവൻകോണത്ത് സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ യു.ഡി.എഫ് നേതാക്കളായ അഡ്വ. രവികുമാർ, എം. സുന്ദരേശൻപിള്ള, കെ. സുജയ് കുമാർ, മൈലക്കാട് സുനിൽ, ഈഴംവിള പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.