കൊല്ലം: മേഴ്‌സിക്കുട്ടി അമ്മാമ്മ ഇനിയും വരും, പിണറായി അപ്പൂപ്പൻ വീണ്ടും ഞങ്ങടെ മുഖ്യമന്ത്രിയാകും'. കൊഞ്ചലോടെയുള്ള ആ കുഞ്ഞുനാദം ഉച്ചഭഭാഷിണിയിൽ കേട്ടപ്പോൾ എല്ലാവരും ഒന്ന് ശ്രദ്ധിച്ചു. ഒപ്പം കുണ്ടറയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെ. മേഴ്‌സികുട്ടിഅമ്മയും. തനിക്കുവേണ്ടി വോട്ട് ചോദിക്കുന്ന ആ കുഞ്ഞുശബ്ദം എവിടെ നിന്നാണെന്നറിയാൻ ഒരു ആകാംക്ഷ. അന്വേഷണം ചെന്നുനിന്നത് തൃക്കോവിൽവട്ടത്തെ താഴാംപണയിലെ സ്വീകരണസ്ഥലത്ത്.
അഞ്ചുവയസുകാരി സോയ പ്രസംഗത്തിലൂടെ അരങ്ങ് തകർക്കുകയാണ്. 'എൽ.ഡി.എഫ് വന്നാൽ ഉറപ്പാണ് ക്ഷേമ പെൻഷൻ, ഉറപ്പാണ് വിദ്യാഭ്യാസം, ഉറപ്പാണ് വികസനം..' അങ്ങനെ നീളുകയാണ് കുഞ്ഞ് സോയയുടെ പ്രഖ്യാപനങ്ങൾ. പ്രസംഗം ഇടയ്ക്ക് നിറുത്തിക്കാൻ മേഴ്സിക്കുട്ടിഅമ്മ തയാറായില്ല, മാറി നിന്നു. പ്രസംഗം തീർന്നപ്പോൾ അടുത്ത് ചെന്ന് സോയയോട് പറഞ്ഞു.' ജയിച്ചുവരും, ജയിച്ചിട്ട് അമ്മാമ്മ വരും മോളെ കാണാൻ.. ഇത് മേഴ്‌സി അമ്മാമ്മയുടെ വാക്ക്'.
താഴാംപണ നോർത്ത് ബ്രാഞ്ച് സെക്രട്ടറി ഉപേന്ദ്രന്റെ കൊച്ചുമകൾക്ക് പാർട്ടി വിട്ടൊരു കളിയില്ലെന്നത് പുതുമയല്ലെന്ന് നാട്ടുകാർ. ജനിച്ചത് മുതൽ മുത്തച്ഛനുമായാണ് അടുപ്പവും കറക്കവും. അപ്പോൾ പിന്നെ മുത്തച്ഛന്റെ ഗുണം കാട്ടാതിരിക്കുമോ. ഇതാദ്യമല്ല സോയ വേദിയിൽ കയറുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത വേദിയിൽ പ്രസംഗിച്ച അഞ്ചുവയസുകാരി മുഖ്യമന്ത്രിയുടെ അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു. നവമാദ്ധ്യമങ്ങളും അത് ആഘോഷമാക്കിയിരുന്നു.
ജില്ലയ്ക്ക് പുറത്തും വിവിധ മണ്ഡലങ്ങളിലും ഇടത് പ്രചാരണത്തിനൊരുങ്ങുകയാണ് സോയ. വിവിധയിടങ്ങളിൽ നിന്ന് പാർട്ടി പ്രവർത്തകരുടെ ഫോൺ വിളികൾ വരുന്നുണ്ട്. വസ്ത്രധാരണത്തിൽ വരെ ഇടത് അനുഭാവം കാണിക്കുന്ന സോയയുടെ ഇഷ്ടത്തിന് എതിരുനിൽക്കാൻ തയാറാല്ലെന്ന നിലപാടിലാണ് മാതാപിതാക്കൾ. താഴാംപണ മുഹമ്മദ് ഷാൻ, റെമി ദമ്പതികളുടെ ഏക മകളാണ് സോയ. കരിക്കോട് ടി.കെ.എം സെന്റിനറി സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥിനിയാണ്.