district-hospital

 ഇന്ന് മുതൽ എല്ലാ ദിവസവും 11 ഒ.പികൾ

കൊല്ലം: കൊവിഡ് സെന്ററാക്കി മാറ്റിയതിനെ തുടർന്ന് നിറുത്തിവച്ചിരുന്ന ജില്ലാ ആശുപത്രിയിലെ സേവനങ്ങൾ ഇന്ന് മുതൽ വീണ്ടും ലഭ്യമായിത്തുടങ്ങും. ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ 11 ചികിത്സാ വിഭാഗങ്ങൾ പ്രവർത്തിക്കും. ഈ മാസം പകുതിയോടെ കിടത്തി ചികിത്സയും തുടങ്ങും.

സമ്പൂർണ കൊവിഡ് സെന്ററായതോടെ ഒ.പികളുടെ പ്രവർത്തനം പൂർണമായും നിലച്ച ജില്ലാ ആശുപത്രിയിൽ കഴിഞ്ഞമാസം പകുതി മുതലാണ് മാറ്റം വന്നുതുടങ്ങിയത്. അപ്പോൾ മുതൽ ദിവസേന രണ്ടും മൂന്നും ഒ.പികൾ വീതമാണ് പ്രവർത്തിച്ചിരുന്നത്. ആൾക്കൂട്ടം ഒഴിവാക്കാൻ രോഗികൾക്കൊപ്പം ഒരു സഹായിയെ മാത്രമാണ് അനുവദിച്ചിരുന്നത്.

ജില്ലാ ആശുപത്രിയിൽ നിലവിലുണ്ടായിരുന്ന കൊവിഡ് പരിശോധനയും ഗുരുതരാവസ്ഥയിൽ അല്ലാത്ത കൊവിഡ് രോഗികളുടെ ചികിത്സയും ആശ്രാമം ഹോക്കി സ്റ്റേഡിയത്തിലേക്ക് മാറ്റി. ഇവിടെ കൊവിഡ് ഐ.സി.യു, എം.ഐ.സി.യു, ഓക്സിജൻ ബെഡ് എന്നിവിടങ്ങളിലായി ഇപ്പോൾ 30 കൊവിഡ് ബാധിതർ മാത്രമാണ് ചികിത്സയിലുള്ളത്. നേരത്തെ ശരാശരി 160 പേർ ഉണ്ടായിരുന്നു.

 ചികിത്സാ വിഭാഗങ്ങളും പ്രവർത്തന ദിവസവും

തിങ്കൾ മുതൽ ശനി വരെ: ജനറൽ ഒ.പി, എൻ.സി.ഡി, ജെറിയാട്രിക്, ദന്തരോഗം, ത്വക്ക് രോഗം, നേത്രരോഗം, മാനസികാരോഗ്യം, എ.ആർ.ടി, ഡയാലിസിസ്, കാൻസർ & സാന്ത്വന ചികിത്സ, ഫിസിയാട്രി

തിങ്കൾ & വ്യാഴം: ന്യൂറോളജി, യൂറോളജി

ചൊവ്വ & വെള്ളി: കാർഡിയോളജി, മെഡിക്കൽ, ശസ്ത്രക്രിയ, ഇ.എൻ.ടി, ഓർത്തോ

ബുധൻ & ശനി: ശ്വാസകോശരോഗ വിഭാഗം

ചൊവ്വ: ഇന്റർവെൻഷണൽ കാർഡിയോളജി