കരുനാഗപ്പള്ളി: എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.ബിറ്റി സുധീറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി.നദ്ദ ഇന്ന് കരുനാഗപ്പള്ളിയിൽ എത്തും. രാവിലെ 11 മണിക്ക് കരുനാഗപ്പള്ളി മാർക്കറ്റിന് കിഴക്കുവശം തയ്യാറാക്കിയ ഡോ.വേലുക്കുട്ടി അരയൻ നഗറിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 10.30 ന് ഹെലികോപ്ടർമാർഗം വള്ളിക്കാവ് അമൃത എൻജിനിയറിംഗ് കോളേജ് ഗ്രൗണ്ടിൽ ഇറങ്ങുന്ന നദ്ദ കാറിൽ സമ്മേളന നഗരിയിൽ എത്തിച്ചേരും. യോഗത്തിൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ ,എൻ.ഡി.എയുടെ സംസ്ഥാന നേതാക്കൾ തുടങ്ങിയവരും പങ്കെടുക്കും. കുന്നത്തൂർ താലൂക്കിലെ ബി.ജെ.പി സ്ഥാനാർത്ഥി രാജി പ്രസാദ്, ചവറയിലെ സ്ഥാനാർത്ഥി വിവേക് ഗോപൻ എന്നിവരും പങ്കെടുക്കും.മണ്ഡലത്തിൽ നിന്ന് 10000ത്തോളം പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.ആർ.രാജേഷും വൈസ് പ്രസിഡന്റ് സതീഷ് തേവനത്തും അറിയിച്ചു.