പുനലൂർ:വോട്ട് ചെയ്യാൻ യുവാക്കളെ പ്രേരിപ്പിക്കുന്നതിനായി ബൈക്കിൽ അഭ്യാസ പ്രകടനം നടത്തി കടയ്ക്കൽ സ്വദേശിയായ മജിഷ്യൻ ഷാജൂ. 10കിലോമീറ്റർ ദൂരത്തിൽ കണ്ണ് കെട്ടിയുള്ള ബൈക്ക് യാത്ര കാണികളിൽ കൗതുക കാഴ്ചയായി മാറി. ഇന്നലെ രാവിലെ 10ന് പുനലൂർ ടി.ബി.ജംഗ്ഷനിൽ നിന്നായിരുന്നു തുടക്കമിട്ടത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വീപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ബൈക്കിൽ അഭ്യാസ പ്രകടനങ്ങൾ സംഘടിപ്പിച്ചത്.വോട്ട് ചെയ്യാൻ മടിക്കുന്നവരെ പൗരാവകാശം രേഖപ്പെടുത്തുന്നതിന്റെ ആവശ്യകത പറഞ്ഞ് മനസിലാക്കുന്നതിനും വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുകയും വോട്ടിംഗ് യന്ത്രത്തിൽ വോട്ട് ചെയ്യിച്ചുമാണ് വോട്ടർമാരെ ബോധവത്ക്കരിച്ച് വരുന്നത്. പുനലൂർ മണ്ഡലത്തിലെ പിന്നാക്കാവസ്ഥയിൽ നിൽക്കുന്ന റോസ്മല, അച്ചൻകോവിൽ,കുളത്തൂപ്പുഴയിലെ വില്ലുമല, ട്രൈബൽ കോളനികൾ തുടങ്ങിയ പ്രദേശങ്ങളിൽ എത്തിയാണ് വോട്ടർമാരെ ബോധവത്ക്കരിക്കുന്നതും എല്ലാ വോട്ടർമാരും വോട്ടു ചെയ്യണമെന്നും ഉദ്യോഗസ്ഥർ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും.വോട്ടിംഗ് യന്ത്രം ഘടിപ്പിച്ച വോട്ട് വണ്ടിയുമായി എത്തി ജനങ്ങളെ വോട്ട് ചെയ്യാനും പഠിപ്പിക്കുന്നുണ്ട്.ഇതിന്റെ ഭാഗമായി പുനലൂർ മണ്ഡലത്തിലാകെ കൂട്ട ഓട്ടം, കലാസന്ധ്യ , മാജിക് ഷോ തുടങ്ങിയ കലാ കായിക പരിപാടികളും വോട്ട് വണ്ടിയോടെപ്പം സംഘടിപ്പിച്ചു വരികയാണ്.പുനലൂരിൽ നടന്ന പരിപാടി തഹസിൽദാർ വിനോദ് ഉദ്ഘാടനം ചെയ്തു.പുനലൂർ ഡിവൈ.എസ്.പി.സന്തോഷ് കണ്ണ് കെട്ടി ബൈക്ക് ഓടിക്കൽ ഫ്ലാഗ് ഒഫ് ചെയ്തു. ഡെപ്യൂട്ടി തഹസീൽദാരൻമാരായ ടി.രാജേന്ദ്രൻ പിള്ള,മോഹൻ രാജ് തുടങ്ങിയവർ നേതൃത്വം നൽകി.