
കൊല്ലം: 'ഈ വാഹനത്തിന് തൊട്ടുപിന്നാലെ കടന്നുവരുകയാണ് നമ്മുടെ പ്രിയ സ്ഥാനാർത്ഥി... വിലപ്പെട്ട ഓരോ വോട്ടും നൽകി വിജയിപ്പിക്കൂ, വിജയതിലകമണിയിക്കൂ...' നാടാകെ പ്രചാരണ പരിപാടികൾ അരങ്ങ് തകർക്കുമ്പോൾ തിരഞ്ഞെടുപ്പ് ആവേശം ഉച്ചസ്ഥായിയിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന മൈക്ക്സെറ്റ് ഉടമകൾ കടുത്ത നിരാശയിലാണ്. കാതുപൊട്ടുമാറുച്ചത്തിൽ പാട്ടും അനൗൺസ്മെന്റും കൊഴുപ്പിക്കുമ്പോൾ ശബ്ദസംവിധാനങ്ങൾക്ക് വാടകയിനത്തിൽ തുച്ഛമായ തുകയാണ് ഇവർക്ക് ലഭിക്കുന്നത്.
രണ്ട് സ്ക്വയർ സ്പീക്കർ, അഞ്ഞൂറ് വാട്സിന്റെ ആംപ്ളിഫയർ, ഒരു ജനറേറ്റർ, സി.ഡി പ്ലെയർ എന്നിവയ്ക്ക് ഒരു ദിവസത്തേക്ക് 2,500 മുതൽ 3,000 രൂപ വരെ മാത്രമാണ് രാഷ്ട്രീയ പാർട്ടികൾ വാടക നൽകുന്നത്. സാധാരണ ഒരു ജനറേറ്ററിന് പോലും ആയിരം രൂപ പ്രതിദിനം ലഭിക്കുന്നതാണ്. കൊവിഡിന് മുൻപ് രണ്ട് സ്പീക്കറിനും ആംപ്ളിഫയറിനും മാത്രമായി മൂവായിരം രൂപ വരെ ലഭിച്ചിരുന്നു.
ചെലവ് കുറയ്ക്കാൻ സൗണ്ട് ഓപ്പറേറ്റർമാരെയും രാഷ്ട്രീയ പാർട്ടികൾ ഇപ്പോൾ ഒഴിവാക്കുകയാണ്. മറ്റു പരിപാടികളില്ലാത്ത സാഹചര്യത്തിൽ ഉപകരണങ്ങൾ വെറുതേയിരുന്ന് തുരുമ്പെടുക്കേണ്ടെന്ന് കരുതിയാണ് പലരും നഷ്ടം സഹിക്കുന്നത്.
ലോണെടുക്കേണ്ട അവസ്ഥ
തദ്ദേശ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഒരു വാഹനത്തിൽ ശബ്ദസംവിധാനം ഒരുക്കാൻ പതിനായിരം രൂപ വരെ ലഭിക്കുമായിരുന്നു. വാർഡുകൾ തോറും സ്ഥാനാർത്ഥികളുള്ള തദ്ദേശ തിരഞ്ഞെടുപ്പിൽ ആവശ്യക്കാരേറിയതിനാൽ ചോദിക്കുന്ന പണം നൽകിയാണ് അന്ന് ഉപകരണങ്ങൾ വാടകയ്ക്കെടുത്തിരുന്നത്. ഇപ്പോൾ തുച്ഛമായ തുകയ്ക്ക് പുറമേ സ്പീക്കറുകൾ തകർത്താണ് പലപ്പോഴും തിരിച്ചെത്തിക്കുന്നത്. ഇവ നന്നാക്കാൻ കടം വാങ്ങേണ്ട അവസ്ഥയാണെന്ന് ഉടമസ്ഥർ പറയുന്നു.