
കൊല്ലം: നമ്പർ തിരുത്തി ലോട്ടറി തട്ടിപ്പ് നടത്തിയ പരാതിയിൽ കേസടുക്കാതെ വാഹനം വിട്ടുകൊടുത്തതായി ആക്ഷേപം. ഈ മാസം പത്തിന് നമ്പർ തിരുത്തി ലോട്ടറി വില്പനക്കാരന്റെ കൈയിൽ നിന്ന് പണം തട്ടിയെടുത്തതിനെ തുടർന്ന് കൊട്ടാരക്കര സ്വദേശിയുടെ കാർ അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് അന്വേഷണത്തിൽ കൊല്ലം പള്ളിമുക്ക് സ്വദേശികളായ രണ്ട് പേരാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു. കൊട്ടാരക്കര സ്വദേശിയുടെ കാർ പള്ളിമുക്കിലെ സംഘത്തിന് പണയം വച്ചിരിക്കുകയായിരുന്നു. ഈ കാറിലെത്തിയ രണ്ടംഗ സംഘം കാൽനടയായി ലോട്ടറി വിൽക്കുന്ന അഞ്ചാലുംമൂട് സ്വദേശി സോമന്റെ കൈയിൽ കുറച്ചു ടിക്കറ്റുകൾ നൽകുകയും സമ്മാനമുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു. അവയിലൊന്നിന് രണ്ടായിരം രൂപ സമ്മാനമുണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് പിറ്റേദിവസത്തെ 40 ടിക്കറ്റും അഞ്ഞൂറുരൂപയും വാങ്ങി ഇവർ കടന്നുകളയുകയായിരുന്നു. പിന്നീട് ഏജൻസിയിലെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. അഞ്ചാലുംമൂട് പൊലീസ് സി.സി.ടി.വി പരിശോധിച്ചാണ് കാർ കസ്റ്റഡിയിലെടുത്തത്. അന്നുതന്നെ പണം തിരികെ നൽകി ഒത്തുതീർപ്പാക്കാൻ ശ്രമം നടന്നെങ്കിലും വില്പനക്കാരൻ തയ്യാറാകാത്തതിനെ തുടർന്നാണ് കാർ കസ്റ്റഡിയിലെടുത്തത്.