c

ചാത്തന്നൂർ: ജില്ലയിൽ ത്രികോണമത്സരം നടക്കുന്ന ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ മൂന്ന് മുന്നണികളും പ്രചാരണം ടോപ്പ് ഗിയറിലാക്കി. മൂന്നാം അങ്കത്തിനിറങ്ങുന്ന ജി.എസ്. ജയലാൽ ഉറപ്പായും വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ്. ആദ്യതവണ ലഭിച്ച പതിനേഴായിരത്തിന്റെ ലീഡ് രണ്ടാം തവണ മത്സരിച്ചപ്പോൾ മുപ്പത്തിനാലായിരമാക്കി വർദ്ധിപ്പിക്കാൻ ഇടത് സ്ഥാനാർത്ഥിക്ക് കഴിഞ്ഞിരുന്നു. മണ്ഡലത്തിലെ മെച്ചപ്പെട്ട റോഡുകളും ഹൈടെക്കായ സ്കൂളുകളും ഉയർത്തിക്കാട്ടിയാണ് ജി.എസ്. ജയലാലിന്റെ പ്രചാരണം.

കഴിഞ്ഞതവണ യു.ഡി.എഫിനെ മൂന്നാം സ്ഥാനത്തേയ്ക്ക് പിൻതള്ളി മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്താനായത് തന്നെയാണ് എൻ.ഡി.എ സ്ഥാനാർത്ഥി ബി.ബി. ഗോപകുമാറിന് വിജയപ്രതീക്ഷ നൽകുന്ന പ്രധാന ഘടകം. എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റെന്ന നിലയിലുള്ള പ്രവർത്തനങ്ങളിലൂടെ മണ്ഡലത്തിൽ സുപരിചിതനാണ് ഗോപകുമാർ. മോദി സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും സംസ്ഥാന സർക്കാരിനെതിരായ ജനവികാരവുമാണ് പ്രധാന പ്രചാരണായുധങ്ങൾ.
കൊല്ലം എം.പി ആയിരുന്ന എൻ. പീതാംബരക്കുറുപ്പിന് ആഴത്തിൽ ബന്ധങ്ങളുള്ള മണ്ഡലമാണ് ചാത്തന്നൂർ. എം.പി ആയിരുന്നപ്പോഴുള്ള മികവുകൾ കുറുപ്പ് എണ്ണിപ്പറയുന്നുണ്ട്. പീതാംബരക്കുറുപ്പിന്റെ സ്ഥാനാർത്ഥിത്വം ഉറച്ചതോടെ ചാത്തന്നൂരിലെ സാമുദായിക സമവാക്യങ്ങളും മാറിമറിഞ്ഞിട്ടുണ്ട്. മണ്ഡലത്തിൽ വേണ്ടത്ര ബന്ധങ്ങളില്ലാത്തതും എൻ.എസ്.എസിന്റെ പിന്തുണ ഉറപ്പാക്കാനാവാത്തതുമായിരുന്നു കഴിഞ്ഞതവണ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് തിരിച്ചടിയായത്. ഇത്തരം പ്രതിസന്ധികളെ മറികടന്ന് ഇത്തവണ വിജയിച്ചുകയറാമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ. എൻ.എസ്.എസ് പോലുള്ള സാമുദായിക സംഘടനകൾ രാഷ്ട്രീയ അതിർത്തി നിശ്ചയിക്കേണ്ടെന്ന് കാനം പറഞ്ഞതും ഇതിന്റെ പശ്ചാത്തലത്തിലാവണം. മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനും തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനും അനുകൂലമായിരുന്നു.