photo
ഇടത് മുന്നണി സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിന് നെടുവത്തൂർ പഞ്ചായത്തിലെ കോട്ടാത്തല മരുതൂർ ജംഗ്ഷനിൽ നൽകിയ സ്വീകരണം

കൊല്ലം: തെയ്യവും പൂക്കാവടിയും അമ്മൻകുടവും റോഡ‌ിൽ നിറഞ്ഞാടി, ചെണ്ടത്താളം കെങ്കേമം, കുട്ടിനാടകങ്ങളും പാട്ടും കൈയ്യടിമേളവുമൊത്തപ്പോൾ സ്വീകരണ കേന്ദ്രങ്ങളെല്ലാം ഉത്സവ സമാനം. ഇടത് മുന്നണി സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിന് ഇന്നലെ നെടുവത്തൂർ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ നൽകിയ സ്വീകരണങ്ങൾ ശ്രദ്ധേയമായി. രാവിലെ പുത്തൂർ പട്ടണത്തിൽ നിന്നാണ് സ്വീകരണ പരിപാടികൾക്ക് തുടക്കമായത്. ചുവന്ന നിറമുള്ള തുറന്ന വാഹനത്തിലാണ് ബാലഗോപാൽ സഞ്ചരിച്ചത്. നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളിലായി യുവാക്കളും യുവതികളും ഇതിന് തൊട്ടുമുന്നിലായി സഞ്ചരിച്ചു. നെടിയാല, മാമച്ചൻകാവ്, കുഴയ്ക്കാട് ജംഗ്ഷനുകളിലെ സ്വീകരണമേറ്റുവാങ്ങി കല്ലേലി ജംഗ്ഷനിലെത്തിയപ്പോൾ ചെണ്ടമേളത്തിനൊത്ത് റോഡ് നിറയെ തെയ്യങ്ങൾ ആടുകയായിരുന്നു. ഇവിടെ കൂവളമാല ചാർത്തി ചുമതലക്കാരൻ ബി.എസ്.ഗോപകുമാർ സ്വീകരിച്ചതിന് തൊട്ടുപിന്നാലെ കർഷക സംഘത്തിന്റെ വകയായി പച്ചക്കറികളും ബാലസംഘത്തിന്റെ വകയായി പാലും പഴവും സ്ഥാനാർത്ഥിയ്ക്ക് നൽകി. പാറയിൽ ജംഗ്ഷനിൽ മഹിളാ അസോസിയേഷൻ സെക്രട്ടറി ഷീനയുടെ നേതൃത്വത്തിൽ വനിതകളുടെ പ്രത്യേക സംഘം മുത്തുക്കുടകളുമായിട്ടാണ് സ്വീകരിച്ചത്. ആനക്കോട്ടൂരിൽ ബാലസംഘത്തിന്റെ നാടകവും പാട്ടുമുണ്ടായിരുന്നു. ഇടക്കടമ്പിലെ സ്വീകരണം കഴിഞ്ഞ് തലയിണവിളയ്ക്ക് വരുന്നതിനിടയിൽ രക്തസാക്ഷി കോട്ടാത്തല സുരേന്ദ്രന്റെ കുടുംബാംഗങ്ങൾ കാത്ത് നിന്ന് സ്വീകരണം നൽകി. മരുതൂർ ജംഗ്ഷനിലെത്തിയപ്പോഴേക്കും അമ്മൻകുടവും പൂക്കാവടിയും താലപ്പൊലിയുമൊക്കെയുണ്ടായിരുന്നു. മരുതൂർ ജംഗ്ഷനിലെ സ്വീകരണ യോഗത്തിൽ കെ.സോമപ്രസാദ് എം.പിയും സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്.ഇന്ദുശേഖരൻ നായരും പങ്കെടുത്തു. തുടർന്ന് ഏറത്ത് ജംഗ്ഷനിലെത്തിയപ്പോൾ മൈലം പഞ്ചായത്തിലെ ആളുകൾകൂടി സംഘടിച്ചിരുന്നു. ഉച്ചവരെ തേവലപ്പുറം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടികൾ തയ്യാറാക്കിയിരുന്നത്. ഉച്ചയ്ക്ക് ശേഷം നെടുവത്തൂർ ലോക്കൽ കമ്മിറ്റിയും സ്വീകരണ യോഗങ്ങൾ കെങ്കേമമാക്കി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി.എ.എബ്രഹാം, പി.തങ്കപ്പൻ പിള്ള, ജെ.രാമാനുജൻ, എൻ.ബേബി, ജി.മുരുകദാസൻ നായർ, ചന്ദ്രഹാസൻ, സുമാലാൽ, എൽ.അമൽരാജ്, ആർ.മുരളീധരൻ, സാബു, നെടുവത്തൂർ സുന്ദരേശൻ, വി.പി.പ്രശാന്ത്, സി.സുരേഷ്, എസ്.ശശികുമാർ, എം.ലീലാമ്മ എന്നിവർ വിവിധ യോഗങ്ങളിൽ സംസാരിച്ചു.